ആം ആദ്മിയുടെ ഹിമാചൽ സ്വപ്നങ്ങൾക്ക് തിരിച്ചടി: സംസ്ഥാന അധ്യക്ഷനേയും സെക്രട്ടറിയേയും മറുകണ്ടം ചാടിച്ച് ബിജെപി

0
268

ദില്ലി: പഞ്ചാബ് മോഡൽ മുന്നേറ്റം ഹിമാചൽ പ്രദേശിൽ ആവ‍ര്‍ത്തിക്കാമെന്ന ആം ആദ്മി പാ‍ര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയുമായി ബിജെപി. ആം ആദ്മി സംസ്ഥാന അധ്യക്ഷനേയും സംഘടന സെക്രട്ടറിയേയും മറുകണ്ടം ചാടിച്ചാണ് ബിജെപി ആപ്പിന് ഷോക്ക് നൽകിയത്. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ ജനങ്ങളെ ഇളക്കി മറിച്ചുള്ള അരവിന്ദ് കെജ്രിവാളിൻ്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്നും ആം ആദ്മിയുടെ സീനിയ‍ര്‍ നേതാക്കൾ പാ‍ര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ആം ആദ്മി ഹിമാചൽ പ്രദേശ് പ്രസിഡന്റ് അനൂപ് കേസരി, സംഘടനാ ജനറൽ സെക്രട്ടറി സതീഷ് താക്കൂർ, യുഎൻഎ പ്രസിഡന്റ് ഇഖ്ബാൽ സിംഗ് എന്നിവരാണ് ഇന്ന് രാവിലെ ദില്ലിയിൽ വച്ച് ബിജെപിയിൽ ചേർന്നത്. മൂന്ന് നേതാക്കളേയും ജെപി നഡ്ഡയും ഹിമാചൽ പ്രദേശിൽ നിന്നുള്ള കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ചേ‍ര്‍ന്ന് സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമാചലിലെ 68 സീറ്റുകളിലും മത്സരിക്കാനൊരുങ്ങുന്ന ആംആദ്മി ക്യാംപിന് അപ്രതീക്ഷിത ആഘാതമായി സംസ്ഥാന ഭാരവാഹികളുടെ കാലുമാറ്റം.

അരവിന്ദ് കെജ്‌രിവാളിന്റെ കെണിയിൽ ഹിമാചലിലെ മലകളും ജനങ്ങളും വീഴില്ലെന്ന് നേതാക്കളെ സ്വീകരിച്ചു കൊണ്ട് അനുരാഗ് താക്കൂര്‍ ട്വിറ്ററിൽ കുറിച്ചു. ആം ആദ്മിയുടെ ഹിമാചൽ പ്രദേശ് വിരുദ്ധ നയങ്ങളിൽ വിയോജിച്ചാണ് നേതാക്കൾ പാ‍ര്‍ട്ടി വിട്ട്  ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും യുപി തെരഞ്ഞെടുപ്പിലും എന്ന പോലെ ഇക്കുറിയും സംസ്ഥാനത്ത് ആം ആദ്മിക്ക് കെട്ടിവച്ച കാശ് പോലും തെരഞ്ഞെടുപ്പിൽ കിട്ടില്ലെന്നും അനുരാഗ് താക്കൂ‍ര്‍ പരിഹസിച്ചു.

ഉടൻ നടക്കാനിരിക്കുന്ന ഷിംല മുൻസിപ്പൽ കോ‍ര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനും ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുമായുള്ള പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ ജെപി നഡ്ഡ നേരിട്ട് എത്തുന്നുണ്ട്. ഷിംലയിൽ നഡ്ഡയുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്ന ബിജെപിക്ക് പുതിയ സംഭവവികാസങ്ങൾ വലിയ ആവേശമാണ് പകരുന്നത്.

ഹിമാചൽ പ്രദേശിൽ ബഹുജനപിന്തുണയുള്ള ഒരു നേതാവില്ല എന്നാണ് ആം ആദ്മി പാ‍ര്‍ട്ടി നേരിടുന്ന പ്രധാന പ്രതിസന്ധി. അരവിന്ദ് കെജ്രിവാളും ഭഗവന്ത് മന്നുമാണ് പഞ്ചാബിലും പാര്‍ട്ടിയുടെ താരപ്രചാരകരായി വരാനുള്ളത്. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിന് ഹിമാചൽ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകിയ ആം ആദ്മി സതേന്ദർ തോംഗറിനെ സംഘടനാ സെക്രട്ടറിയായും നിയമിച്ചിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി എട്ടംഗ സംഘത്തെ വേറെയും കെജ്രിവാൾ നിയോഗിച്ചിട്ടുണ്ട്. ഹിമാചലിൽ അട്ടിമറി ലക്ഷ്യമിട്ട് മുന്നൊരുക്കം നടത്തുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷനെയടക്കം മറുകണ്ടം ചാടിച്ച് ബിജെപി ആപ്പിനെ വെട്ടിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here