വെള്ളവും ഭക്ഷണവുമില്ല, പുറത്തിറങ്ങാൻ അനുമതിയും, ജനാലകളിൽ കൂടി അലറിവിളിച്ച് ജനങ്ങൾ; ചൈനയിൽ നിന്നും പേടിപ്പെടുത്തും വീഡിയോ

0
565

ഷാങ്‌ഹായ്: ചൈനയിലെ ഏറ്റവും വലിയ നഗരവും ആഗോള സാമ്പത്തിക കേന്ദ്രവുമായ ഷാങ്‌ഹായ് നേരിടുന്നത് രാജ്യം കണ്ട ഏറ്റവും വലിയ കൊവിഡ് പ്രതിസന്ധി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കനത്ത നിയന്ത്രണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്‌തുക്കളും കിട്ടാനില്ലാത്ത പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്. പലരും പട്ടിണിയുടെ വക്കിലാണെന്നും റിപ്പോർട്ടുകളുണ്ട്.

പുറത്തിറങ്ങാൻ സാധിക്കാതെ വെള്ളം, ഭക്ഷണം മറ്റ് അവശ്യ വസ്‌തുക്കൾ എന്നിവയുടെ ക്ഷാമം നേരിടുന്ന ജനങ്ങൾ വീടിനുള്ളിലിരുന്നു ജനാലകളിലൂടെയും മറ്റും അലറിവിളിക്കുകയും കരയുകയും പാട്ടുപാടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ ആത്മാവിന്റെ ആഗ്രഹത്തെ നിയന്ത്രിക്കുക എന്നായിരുന്നു ജനങ്ങളുടെ പ്രതിഷേധത്തിന് മറുപടിയായി സർക്കാരിന്റെ പ്രതികരണം. പാടുന്നതിനായി ജനാലകൾ തുറക്കരുത്. ഇത് രോഗവ്യാപനത്തിന് കാരണമാവുമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഷാങ്‌ഹായിലെ ചില പ്രദേശങ്ങളിൽ സ്ഥിതിഗതികൾ വഷളായി. ആളുകൾ കൂട്ടം കൂടി മുദ്രാവാക്യങ്ങൾ മുഴക്കുകയും ചിലയിടങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. മിക്ക കടകളും കൊള്ളയടിക്കപ്പെട്ടു.

രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ ഒന്ന് മുതൽ ഷാങ്‌ഹായിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. നഗരത്തിലെ മറ്റൊരു പ്രദേശം മാർച്ച് 28 മുതൽ ലോക്ക് ഡൗണിലും. കൊവിഡ്, ഒമിക്രോൺ വ്യാപനം എന്നിവയെ നേരിടാൻ നഗരത്തിലേക്ക് 2000 സൈനിക മെഡിക്കൽ ഉദ്യോഗസ്ഥരെയും 10,000 മറ്റ് മെഡിക്കൽ തൊഴിലാളികളെയും സർക്കാർ അയച്ചിരുന്നു. വിശ്രമമില്ലാതെ പരിശോധനകൾ നടത്തുകയും ചികിത്സ നൽകുകയും ചെയ്യുന്നത് ആരോഗ്യപ്രവർത്തകരെയും തളർത്തുകയാണ്. ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ ഡോക്‌ടറെ രോഗികൾ ചേർ‌ന്ന് എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.

സർക്കാരിന്റെ സീറോ കൊവിഡ് പദ്ധതി പ്രകാരം 26 ദശലക്ഷം ജനസംഖ്യയുള്ള ഷാങ്‌ഹായിൽ കൂട്ട കൊവിഡ് പരിശോധന നടത്തിയിരുന്നു. രോഗം സ്ഥിരീകരിക്കുന്നവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ മാറ്റി പാർപ്പിക്കും. രോഗിയുടെ കുടുംബത്തിലെ മറ്റുള്ളവർക്ക് വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാനും അനുമതിയില്ല. രോഗികളായ കുട്ടികളെ മാറ്റിപാർപ്പിക്കുന്നത് പ്രതിഷേധങ്ങൾ ഉയർത്തിയതിന് പിന്നാലെ കുടുംബം ഒരുമിച്ച് ക്വാന്റൈനിൽ പ്രവേശിക്കാനുള്ള അനുമതി സർക്കാർ നൽകിത്തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here