വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കേരളം; ധരിച്ചില്ലെങ്കില്‍ പിഴ; ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവ്

0
293

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്തു മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കുന്നതു നിര്‍ത്തിവയ്ക്കുകയായിരുന്നു. സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

കോവിഡ് 19 വ്യാപനത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അവലോകന യോഗത്തിനു ശേഷം അറിയിച്ചിരുന്നു. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്‌സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധം ശക്തിപ്പെടുത്തണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് വര്‍ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ ഡോസ് നല്‍കാന്‍ പ്രോത്സാഹിപ്പിക്കണം. വാക്‌സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തും.

ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here