വാങ്ങി ഒരു ദിവസമായില്ല, ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് 40-കാരൻ മരിച്ചു

0
248

ഹൈദരാബാദ്: വീണ്ടും ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ചാര്‍ജ് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് ആന്ധ്രയിലെ വിജയവാഡയില്‍ നാല്‍പ്പതുകാരന്‍ മരിച്ചു. ഭാര്യക്കും കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റു. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍  ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷ വിലയിരുത്താന്‍ വിദഗ്ധ സമിതിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തി.

രാത്രി സ്വീകരണ മുറിക്ക് സമീപം സ്കൂട്ടറിന്‍റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും നാല്‍പ്പതുകാരന്‍ ശിവകുമാര്‍ പൊള്ളലേറ്റ് മരിച്ചിരുന്നു.

സ്വീകരണ മുറിയില്‍ ടിവി കാണുകയായിരുന്ന ശിവകുമാറിന്‍റെ ഭാര്യ ആരതിക്കും രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാറ്ററി പൊട്ടിത്തറിച്ചതിനെ തുടര്‍ന്ന് മുറിയിലേക്ക് തീ പടരുകയായിരുന്നു. സ്വീകരണ മുറിയിലുണ്ടായിരുന്ന ഫ്രിഡ്ജ് ,ടിവി ഫാന്‍ അടക്കം കത്തി നശിച്ചു. കിടപ്പുമുറിയിലേക്കും തീ പടര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്.

ഒരു ദിവസം മുമ്പാണ് ബൂം കോര്‍ബറ്റ് 14 എന്ന ഇലക്ട്രിക് സ്കൂട്ടര്‍ ശിവകുമാര്‍ വാങ്ങിയത്. നിര്‍മ്മാണ കമ്പനിക്കും ഡീലറിനുമെതിരെ ക്രിമിനല്‍ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. രണ്ട് ദിവസം മുന്നേയാണ് തെലങ്കാനയില്‍ 80 കാരന്‍ സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യക്കും മകനും പൊള്ളലേറ്റിരുന്നു.

പ്യൂവര്‍ ഇവി കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലും സമാന അപകടങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ വിലയിരുത്താന്‍ വിദഗ്ധ സമിതിയെ കേന്ദ്രം ചുമതലപ്പെടുത്തി. സമിതി റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടിയുണ്ടാകുമെന്ന്  കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here