രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

0
81

ദില്ലി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 16 യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് 16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്രവാർത്താവിതരണമന്ത്രാലയം വാർത്താക്കുറിപ്പ് പുറത്തുവിട്ടത്. വ്യാജവാർത്ത പ്രചരിപ്പിച്ച 78 യൂട്യൂബ് ചാനലുകൾ ഇതേ വരെ നിരോധിച്ചിട്ടുണ്ട്.

പത്ത് ഇന്ത്യൻ യൂട്യൂബ് ചാനലുകളും ആറ് പാകിസ്ഥാൻ ചാനലുകളുമാണ് നിരോധിച്ചിരിക്കുന്നത്. ഈ നിരോധിക്കപ്പെട്ട യൂട്യൂബ് അടിസ്ഥിത വാർത്താചാനലുകൾക്ക് എല്ലാം ചേർത്ത് 68 കോടി കാഴ്ചക്കാരുണ്ടായിരുന്നുവെന്ന് കേന്ദ്രവാർത്താ വിതരണമന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വിവരങ്ങളും, പരിശോധന നടത്താതെ വിവരങ്ങൾ പുറത്തുവിട്ടതിനും, വർഗീയവിദ്വേഷണം പടർത്തുന്ന തരത്തിൽ വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനും ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനുമാണ് നടപടി. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ച ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തിട്ടുണ്ട്.

2021-ലെ ഐടി നിയമത്തിൽ പറയുന്ന അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ യൂട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചിരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കാനും, കൊവിഡ് ലോക്ക്ഡൗൺ കാലത്ത് അതിഥിത്തൊഴിലാളികൾക്കിടയിൽ വലിയ പരിഭ്രാന്തി പടർത്താനും ഈ ചാനലുകൾ ശ്രമിച്ചതായി വാർത്താവിതരണ മന്ത്രാലയം പറയുന്നു.

ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് തെറ്റായതും പ്രകോപനപരവുമായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് ആറ് പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചിരിക്കുന്നത്. ഇവയിൽ ചിലത് യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here