മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാല്‍ മുന്നണിപ്രവേശം ആലോചിക്കാം; ഇ.പി. ജയരാജന്‍

0
109

തിരുവനന്തപുരം: മുന്നണി വിപുലീകരണം ഇടതുപക്ഷത്തിന്റെ നയമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എല്‍.ഡി.എഫിന്റെ കവാടങ്ങള്‍ അടക്കില്ലെന്നും മുന്നണി ശക്തിപ്പെടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ് വന്നാല്‍ മുന്നണിപ്രവേശം അപ്പോള്‍ ആലോചിക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും മുന്നണിയില്‍ വന്നേക്കും. ആര്‍.എസ്.പി പുനര്‍ചിന്തനം നടത്തണം. യു.ഡി.എഫില്‍ എത്തിയ ആര്‍.എസ്.പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകടാണ് ആ പാര്‍ട്ടി ഈ നിലയിലെത്താന്‍ കാരണം. അവര്‍ പുനപരിശോധന നടത്തിയാല്‍ നല്ലതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

എല്‍.ഡി.എഫ് നയങ്ങള്‍ അംഗീകരിച്ച് വന്നാല്‍ പി.ജെ. കുര്യനുമായും സഹകരിക്കും. മാണി സി. കാപ്പന്‍ തിരികെ വന്നാലും സഹകരിപ്പിക്കും. എസ്.ഡി.പി.ഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കാലത്താണ് അതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതാക്കളെ ഓട്ടോറിക്ഷയില്‍ കയറ്റാനാകില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തില്‍ ഇ.പി. മറുപടി പറഞ്ഞത്. നേതാക്കള്‍ക്ക് നല്ല സൗകര്യം നല്‍കണം. ഇന്നോവ ആഡംബര വാഹനം അല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുത്തത്. എ. വിജയരാഘവന്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമായതോടെയാണ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി പരിഗണിച്ചത്. പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയും നിയമിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here