മുഖ്യമന്ത്രിയുടെ വീടിനു സമീപം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ; വീടിനു നേരെ രാത്രി ബോംബേറ്, അറസ്റ്റിലായത് പുന്നോൽ ഹരിദാസൻ വധക്കേസ് പ്രതി

0
205

ന്യൂമാഹി (കണ്ണൂർ) ∙ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടിൽ ഒളിവിൽ കഴിയവേ പിടികൂടി.  കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖിൽ ദാസിനെ (38) ആണ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മയെയും (42) അറസ്റ്റ് ചെയ്തു. രാത്രി എട്ടരയോടെ ഈ വീടിനു നേരെ ബോംബേറുണ്ടായി.

വീടിനു ചുറ്റുമുള്ള മുഴുവൻ ജനൽച്ചില്ലുകളും അടിച്ചുതകർത്ത ശേഷം 2 ബോംബുകൾ എറിഞ്ഞതായി പൊലീസ് പറഞ്ഞു. രാത്രി പതിനൊന്നോടെ ബോംബ് സ്ക്വാഡ് സ്ഥലത്തു പരിശോധന നടത്തി.

പിണറായി പാണ്ട്യാലമുക്കിൽ പൂട്ടിയിട്ട രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട്ടിൽനിന്നാണു വെള്ളിയാഴ്ച പുലർച്ചെ 3.30നു പ്രതി പിടിയിലായത്. പിണറായി വിജയന്റെ വീട്ടിൽനിന്ന് ഏതാനും മീറ്റർ മാത്രം അകലത്തിലായിരുന്നു നിഖിൽദാസ് ഒളിവിൽ കഴിഞ്ഞിരുന്നത്. 2 മാസമായി ഒളിവിലായിരുന്നു.

സിപിഎം അനുഭാവിയാണു പ്രശാന്ത്. രേഷ്മ അധ്യാപികയാണ്. രേഷ്മ വഴിയാണു വീട്ടിൽ താമസിക്കാൻ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. നിഖിലിന് ആരോ ഭക്ഷണം എത്തിച്ചിരുന്നതായും സംശയമുണ്ട്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോൾപോലും പൊലീസ് കനത്ത സുരക്ഷ നിലനിർത്തുന്ന പ്രദേശമാണിത്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 14–ാം പ്രതിയാണു നിഖിൽ. 2 പേർ കൂടി പിടിയിലാവാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here