മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദാക്കി

0
100

തിരുവനന്തപുരം: അമേരിക്കയിലെ മയോക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ തേടിയ വകയില്‍ തുക അനുവദിച്ച ഉത്തരവ് റദ്ദ് ചെയ്ത് പൊതുഭരണ വകുപ്പ്. മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച് ഏപ്രില്‍ 13നാണ് ഉത്തരവിറങ്ങിയത്. എന്നാല്‍ ഈ ഉത്തരവില്‍ പിശകുണ്ടെന്ന് കണ്ടാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നാണ് വിവരം.

ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാന്‍ മാര്‍ച്ച് 30ന് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ഏപ്രില്‍ 13ലെ ഉത്തരവില്‍ പറയുന്നുണ്ട്. തുടര്‍പരിശോധനയില്‍, ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നല്‍കിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടയ്ക്കണമെന്നും ഇതില്‍ പറയുന്നു.

മുഖ്യമന്ത്രി നേരിട്ട് അപേക്ഷ സമര്‍പ്പിച്ചുവെന്നും, ക്രമപ്രകാരമല്ലാതെ തുക മാറി നല്‍കിയതായി കണ്ടെത്തിയാല്‍ അത് തിരികെ അടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് നിര്‍ദ്ദേശിക്കുന്നതും ഉചിതമല്ലെന്ന് കണ്ടാണ് 13ന് ഇറങ്ങിയ ഉത്തരവ് റദ്ദാക്കിയത്. വസ്തുതാപരമായ ഇത്തരം പിശകുകള്‍ ഉത്തരവില്‍ കടന്നുകൂടിയത് എങ്ങനെയെന്നും പരിശോധിക്കും. ജനുവരി 11 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി യുഎസില്‍ ചികിത്സയ്ക്കായി പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here