ബി.ജെ.പിയുടെ ബുൾഡോസർ ഭീകരതയും വിദ്വേഷവും പരത്തുന്നു- വിമർശവുമായി രാഹുൽ ഗാന്ധി

0
272

ന്യൂഡൽഹി: ബുൾഡോസർ ഉപയോഗിച്ച് മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കതെിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ ബുൾഡോസർ ഭീകരതയും വിദ്വേഷവുമാണ് പരത്തുന്നതെന്ന് രാഹുൽ വിമർശിച്ചു.

മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞെന്ന് ആരോപിക്കപ്പെട്ട നിരവധി മുസ്‌ലിംകളുടെ വീടുകളും കടകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച സമാജ്‌വാദി പാർട്ടി(എസ്.പി) എം.എൽ.എ ഷാസിൽ ഇസ്ലാമിന്റെ പെട്രോൾ പമ്പ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശം.

വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തെ ജനങ്ങളെ വലച്ചിരിക്കുകയാണ്. ജനങ്ങളുടെ അത്തരം പ്രശ്‌നങ്ങളാണ് സർക്കാർ ബുൾഡോസർ കൊണ്ട് തകർക്കേണ്ടത്. എന്നാൽ, ബി.ജെ.പിയുടെ ബുൾഡോസർ വിദ്വേഷവും ഭീകരതയുമാണുണ്ടാക്കുന്നത്-രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

‘ബി.ജെ.പിയുടെ ബുൾഡോസർ’

മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്കുനേരെയുള്ള കല്ലേറിൽ കുറ്റാരോപിതരായ 45 പേരുടെ സ്വത്തുവകകളാണ് ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. പൊലീസ് സുരക്ഷയിൽ ഖർഗോൺ ജില്ലാ ഭരണകൂടമാണ് വീടുകളും കടകളും തകർത്തത്. അനിഷ്ടസംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി.

പൊതുസ്ഥലങ്ങൾ കൈയേറിയാണ് മിക്കവരും കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളതെന്ന് ഇൻഡോർ ഡിവിഷണൽ കമ്മിഷണർ പവൻ ശർമ ദ ഹിന്ദുവിനോട് പറഞ്ഞു. 45 വസ്തുവകകളാണ് പൊളിച്ചത്. സാമുദായിക സംഘർഷത്തിലെ കുറ്റാരോപിതരുടെ സ്വത്തും ഇതിലുണ്ട്. റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും പവർ ശർമ വ്യക്തമാക്കി.

യോഗി ആദിത്യനാഥിനെ വിമർശിച്ചതിനു പിന്നാലെയായിരുന്നു യു.പിയിൽ എം.എൽ.എക്കെതിരെ സർക്കാരിന്റെ പകപോക്കൽ നടപടിയുണ്ടായത്. എസ്.പി നേതാവ് ഷാസിൽ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ബുൾഡോസർ ഉപയോഗിച്ച് അധികൃതർ ഇടിച്ചുനിരപ്പാക്കുകയായിരുന്നു. ബറേലി-ഡൽഹി ദേശീയപാതയിലുള്ള പമ്പിന് നിയമപരമായി അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ബറേലി വികസന അതോറിറ്റിയുടേതായിരുന്നു നടപടി.

പാർട്ടി പരിപാടിയിലായിരുന്നു യോഗിക്കെതിരെ എം.എൽ.എയുടെ രൂക്ഷവിമർശം. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കരുത്തുകൂടിയെന്നും യോഗി ഇനി ശബ്ദമുണ്ടാക്കിയാൽ എസ്.പിയുടെ തോക്കിൽനിന്ന് പുകയല്ല, വെടിതന്നെ പൊട്ടുമെന്നുമാണ് ഷാസിൽ ഇസ്ലാം പറഞ്ഞത്. എന്നാൽ, യോഗിക്കെതിരായ വധഭീഷണിയാണിതെന്നാണ് ബി.ജെ.പി നേതാക്കൾ ആരോപിച്ചത്. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 504 (സമാധാന ഭംഗമുണ്ടാക്കൽ), 506 (ഭീഷണിപ്പെടുത്തൽ), 153എ (കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനപരമായ പ്രസ്താവന നടത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, തന്റെ പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് എം.എൽ.എയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here