പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു

0
195

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മുതൽ രണ്ടുവർത്തിലേറെയായി സർക്കാർ തുടർന്നുവന്നിരുന്ന പതിവാണ് നിർത്തിവെച്ചിരിക്കുന്നത്.

പുതിയ കേസുകൾ, സാമ്പിൾ പരിശോധിച്ചത്, രോഗമുക്തി നേടിയവർ, ചികിത്സയിൽ കഴിയുന്നവർ, കോവിഡ് മരണം, ഇതുവരെ മരിച്ചവരുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങളാണ് എല്ലാ ദിവസവും സർക്കാർ പ്രസിദ്ധീകരിച്ചിരുന്നത്. ശനിയാഴ്ചത്തെ കണക്ക് പ്രകാരം 223 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 2.08 ശതമാനം ആയിരുന്നു. ടി.പി.ആർ അഞ്ചിൽ താഴെയെത്തുന്നത് സുരക്ഷിത സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ധർ മുമ്പ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

ശനിയാഴ്ചത്തെ കണക്ക് പ്രകാരം 2211 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഒരു സമയത്ത് ഇത് രണ്ട് ലക്ഷം വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 68,365 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here