പ്രണയം, സൗന്ദര്യം, വസ്ത്രങ്ങൾ; പാക് രാഷ്ട്രീയത്തെ വീണ്ടും ഹിന റബ്ബാനി ചൂടുപിടിപ്പിക്കുമോ? സുന്ദരി മന്ത്രിയുടെ ചില അറിയാക്കഥകൾ

0
179

ഇസ്ളാമാബാദ്: പാകിസ്ഥാനിൽ അടുത്തകാലത്ത് ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞുനിന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു. ഇമ്രാനെ പുറത്താക്കി പുതിയ സർക്കാർ അധികാരമേറ്റതോടെ അതേ സ്ഥാനത്ത് മറ്റൊരാൾ എത്തി. ഹിന റബ്ബാനി. ഇമ്രാനുമുമ്പ് അധികാരത്തിലിരുന്ന സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു ഹിന. ഭരണമികവിനേക്കാളുപരി സ്വന്തം ഗ്ളാമർകൊണ്ടാണ് അന്ന് അവർ ഏറെ ചർച്ചചെയ്യപ്പെട്ടത്. ഹിന ചെയ്ത കാര്യങ്ങൾ എടുത്തുകാട്ടുന്നതിനെക്കാളുപരി അവരുടെ മുത്ത് നെക്ലേസുകൾ, ശരീര വടിവ്, വസ്ത്രങ്ങൾ, സൺഗ്ളാസുകൾ, സ്റ്റൈലിഷ് ഹെയർ സ്റ്റൈൽ തുടങ്ങിയവയൊക്കെ ചർച്ചചെയ്യാനായിരുന്നു മാദ്ധ്യമങ്ങൾക്കും താൽപ്പര്യം.

അധികാരം നഷ്ടപ്പെട്ടതോടെ ഹിനയെ മാദ്ധ്യമങ്ങൾ കൈവിട്ടു. എന്നാൽ, ഇമ്രാനുപകരം ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തിൽ എത്തിയതോടെ ഹിനയ്ക്ക് വീണ്ടും നല്ലകാലം വന്നു. പുതിയ മന്ത്രിസഭയിൽ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പാണ് ഷെഹ്ബാസ് നൽകിയത്. ഇന്ത്യയുൾപ്പടെയുള്ള വിദേശരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഹിനയിലൂടെ കഴിയും എന്നാണ് ഷെഹ്ബാസിന്റെ പ്രതീക്ഷ. വിദേശകാര്യ സഹമന്ത്രിയായതോടെ ഹിനയുടെ ഗ്ളാമറും പഴയ പ്രണയുമൊക്കെ പൊടിതട്ടിയെടുത്ത് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുണ്ട്.

hina2

പുതിയ വിവാദം

മന്ത്രിസ്ഥാനം ഹിനയ്ക്ക് ലഭിച്ചത് ഇത്തവണയും ആരോപണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇമ്രാൻ മന്ത്രിസഭയിലെ അംഗമായിരുന്ന ഫവാദ് ഹുസൈനാണ് ആരോപണവുമായി ഇത്തവണ ആദ്യം രംഗത്തെത്തിയത്. ഫവാദിന്റെ ലൈംഗിക ചുവയുള്ള പരിഹാസം പ്രതീക്ഷിച്ചതിനെക്കാൾ വിവാദമാവുകയും ചെയ്തു. ഹിനയുടെ ഒരു പഴയ അഭിമുഖം പങ്കുവച്ചുകൊണ്ട് കുറഞ്ഞ ഐക്യു ഉള്ള സ്ത്രീയാണെന്നും മേൽത്തരം ബാഗുകളും വിലകൂടിയ ഐ ഷേഡുകളും മാത്രമാണ് അവരുടെ പ്രശസ്തിക്ക് ആധാരം എന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഫവാദ് ആരോപിച്ചത്. ആരോപണത്തിന് മറുപടിയുമായി അനുകൂലികൾ രംഗത്തെത്തിയെങ്കിലും ഹിന ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണത്തിന് മന്ത്രിയെന്ന നിലയിൽ ഹിന ശക്തമായ മറുപടി നൽകണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. അധികാരത്തിലിരുന്നപ്പോൾ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായിരുന്നു ഹിന. പുതിയ മന്ത്രിസഭയിലും ഇത് ആവർത്തിച്ചേക്കും എന്നാണ് അനുകൂലികളുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

ഉണ്ടാക്കിയത് മികച്ച നേട്ടങ്ങൾ

2011 ഫെബ്രുവരി മുതൽ 2013 മാർച്ചുവരെയായിരുന്നു ഹിന ആദ്യം മന്ത്രിക്കസേരയിലിരുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നെങ്കിലും തഴക്കവും പഴക്കവും ഉള്ളവരെക്കൊണ്ടുപോലും കഴിയാത്ത കാര്യങ്ങൾ നടപ്പാക്കാൻ ഹിനയ്ക്കായി. വെറും രണ്ട് വർഷം മാത്രമാണ് അധികാരത്തിലിരുന്നതെങ്കിലും ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. 2011 ലെ ഇന്ത്യാ സന്ദർശനം അന്താരാഷ്ട്ര സമൂഹത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടു . അമേരിക്കയാേടുള്ള പാകിസ്ഥാന്റെ അമിതമായ ആശ്രിതത്വം കുറയ്ക്കണം എന്ന ആവശ്യത്തിന്റെ വക്താവായിരുന്നു ഹിന. പാകിസ്ഥാനിലെ വിദേശകാര്യ വിദഗ്ദ്ധർ ഉൾപ്പടെയുള്ളവർ ഇതിനെ ഏറെ പ്രശംസിച്ചിരുന്നു.

hina3

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിന് കഠിന ശ്രമം നടത്തുമെന്ന് രണ്ടാംവട്ടം അധികാരമേറ്റ ഉടൻ തന്നെ ഹിന വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിന് പുറത്തായിരുന്നപ്പോഴും ഇന്ത്യയുമായി നല്ല ബന്ധം ഉണ്ടാവേണ്ടതിന്റെ ആവശ്യം പ്രസംഗത്തിലും മറ്റും അവർ ഊന്നിപ്പറഞ്ഞിരുന്നു.2016ൽ ഒരു വാർത്താ ഏജൻസിക്കുനൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെക്കുറിച്ച് ഏറെ വികാരാധീനയായാണ് ഹിന പ്രതികരിച്ചത്. ‘കാശ്മീർ പിടിച്ചെടുക്കാനായി ഇന്ത്യയുമായി പാകിസ്ഥാൻ യുദ്ധം നടത്തിയിട്ട് കാര്യമില്ല. 60 വര്‍ഷമായി നാം നമ്മുടെ കുട്ടികളെ പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുന്നു. പാകിസ്ഥാന്‍റെ നിലവിലുള്ള വിദേശനയം അഫ്ഘാനിസ്ഥാനെയും ഇന്ത്യയെയും ശത്രുക്കളായാണ് കാണുന്നത്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ വളര്‍ച്ച കൈവരിക്കാത്തതിന്‍റെ ഒരു പ്രധാന കാരണം ഇതാണ്.അമേരിക്ക ഇന്ത്യയുമായി അടുക്കുന്നത് ഇന്ത്യയുടെ ആണവശേഷിയോ ആള്‍ബലമോ കണ്ടിട്ടല്ല. മറിച്ച് ആ ദേശത്തിന്‍റെ ജനാധിപത്യ പാരമ്പര്യം കണ്ടിട്ടാണ്. ഇന്ത്യയുമായി മത്സരിക്കണമെങ്കില്‍ പാകിസ്ഥാന‍്‍‍ ആദ്യം വളര്‍ത്തിയെടുക്കേണ്ടതും അത്തരമൊരു പാരമ്പര്യമാണ് – എന്നാണ് ഹിന പറഞ്ഞത്.

ഒരു പ്രണയകഥ

ആദ്യ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോഴാണ്, പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഏ­ക­മകന്‍ ബിലാവല്‍ ഭൂട്ടോയുമായുളള ഹിനയുടെ പ്രണയം പാക് രാഷ്ട്രീയ­ത്തെ ചൂ­ട് പി­ടി­പ്പി­ച്ചത്. ത­ങ്ങ­ളുടെ ബന്ധം നിത്യമായ അടിത്തറയിലാണെന്നും വൈ­കാ­തെ ഒ­ന്നാ­കു­മെ­ന്നും ഹിന സ്വന്തം കൈപ്പടയില്‍ ബിലാവലിന് അ­യ­ച്ച കത്ത് ബംഗ്ലാദേ­ശിലെ ഒരു ടാബ്ലോ­യിഡ് വീക്കിലിയാണ് പുറത്തുവിട്ടത്. ഹിന ഭര്‍ത്താവില്‍ നിന്നും ഉ­ടന്‍ ബന്ധം വേര്‍പി­രി­യു­മെന്നും മക്കളെ ഭര്‍ത്താവിന് വിട്ടുകൊടു­ക്കും എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതുണ്ടാക്കിയ രാഷ്ട്രീയ പുകിലുകൾ ചില്ലറയല്ല. പക്ഷേ, തീയും പുകയും ഉയർത്തിയെങ്കിലും അധികം വൈകാതെ പ്രണയവാർത്ത അകാല ചരമമടഞ്ഞു.

hina

പാരമ്പര്യം, പക്ഷേ..

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നാണ് ഹിനയുടെ വരവ്. പാക് പഞ്ചാബിലെ പഴയ രാഷ്ട്രീയനേതാവ് ഗുലാം നൂർ റബ്ബാനിയാണ് പിതാവ്. പഞ്ചാബ് ഗവർണറായിരുന്ന ഗുലാം മുസ്തഫ ഖർ അമ്മാവനുമാണ്. ലാഹോർ സർവകലാശാലയിൽ നിന്ന് മാനേജ്‌മെൻറ് സയൻസിൽ ബിരുദവും അമേരിക്കയിലെ മസാച്ചു സെറ്റ്സ് സവർകലാശാലയിൽ നിന്ന് ടൂറിസത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.രാഷ്ട്രീയത്തിൽ ഇറങ്ങാൻ അശേഷം താത്‌പര്യമില്ലായിരുന്നെങ്കിലും പിതാവ് ഗുലാം നൂർ റബ്ബാനിയുടെ പ്രേരണപ്രകാരം പിന്നീട് രാഷ്ട്രീയത്തിലേക്ക് വന്നു.പാക് മുസ്‌ലിംലീഗിലായിരുന്ന ഹിന പിന്നീട് 2008-ലെ തിരഞ്ഞെടുപ്പിനു മുമ്പ് പാകിസ്താൻ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. അക്കൊല്ലത്തെ ആഗോള സാമ്പത്തികഫോറം, ലോകത്തിന്റെ വാഗ്ദാനമായി വിശേഷിപ്പിച്ച യുവനേതാക്കളുടെ പട്ടികയിൽ ഹിന റബ്ബാനി ഖറിന്റെ പേരുമുണ്ടായിരുന്നു. വ്യവസായിയായ ഫിറോസ് ഗുല്സടറാണ് ഹിനയുടെ ഭർത്താവ്.

LEAVE A REPLY

Please enter your comment!
Please enter your name here