പള്ളിക്ക് മുകളില്‍ കയറി കാവിക്കൊടി വീശി ജയ് ശ്രീറാം വിളിച്ചു; ഉത്തര്‍പ്രദേശില്‍ തിരിച്ചറിയാനാവാത്ത ഒരു കൂട്ടം ആളുകള്‍ക്കെതിരെ കേസ്

0
111

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പള്ളിക്ക് മുകളില്‍ കയറി കാവിക്കൊടി വീശുകയും ജയ് ശ്രീറാം മുഴക്കിയതിനും തിരിച്ചറിയാത്ത ഒരു കൂട്ടമാളുകള്‍ക്കെതിരെ കേസ്.

ഗാസിപൂര്‍ ജില്ലയിലെ ഗഹ്മര്‍ ഗ്രാമത്തിലെ പള്ളിക്കുമുകളില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് ഗാസിപൂര്‍ പൊലീസാണ് കുറ്റപത്രം തയ്യാറാക്കി കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിന്ദു പുതുവര്‍ഷ ദിനമായ രാം കലേഷിനോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. മുന്‍ എം.എല്‍.എ സുനിത സിംഗും അനുയായികളുമാണ് പള്ളിക്ക് മുമ്പില്‍ അതിക്രമം നടത്തിയതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച പലരും കുറിച്ചിട്ടുള്ളത്.

1.25 ലക്ഷം ആളുകള്‍ താമസിക്കുന്ന ഗഹ്മര്‍ ഗ്രാമത്തില്‍ ഹിന്ദുക്കളാണ് ജനസംഖ്യയില്‍ മുന്നില്‍. സംഭവത്തിന് പിന്നാലെ ഇവിടെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഏപ്രില്‍ രണ്ടിനാണ് സംഭവം നടന്നതെന്നും രണ്ട് മതങ്ങല്‍ തമ്മില്‍ വിഭാഗീയതയ്ക്ക് ശ്രമിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും, പള്ളിക്കുമുകളില്‍ കയറിയ ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഗാസിപൂര്‍ എസ്.പി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here