നിരോധനം ഇന്ന് മുതൽ; ഷാംപൂ മുതൽ ചോക്ലറ്റ് വരെയുള്ള പാമോയിൽ ഉത്പന്നങ്ങൾക്ക് വില കൂടിയേക്കും

0
359

ഇന്തോനേഷ്യ പാമോയിൽ കയറ്റുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ ഭക്ഷ്യ എണ്ണയുടെയും മറ്റ് നിത്യോപയോഗ വസ്തുക്കളുടെയും വില വർധിക്കാൻ സാധ്യത. സോപ്പ്, ഷാംപൂ മുതൽ നൂഡിൽസ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റുകൾ തുടങ്ങി നിരവധി സാധനങ്ങള്‍ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവാണ് പാമോയിൽ. പാമോയിലിന്റെ വില വർധിക്കുന്നതോടെ പാമോയിൽ ഉപയോഗിച്ചുള്ള എല്ലാ വ്യവസായ ഉത്പന്നങ്ങളുടെയും വില വർധിച്ചേക്കും.

ലോകത്ത് ഏറ്റവും കൂടുതൽ  ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിൽതന്നെ പാം ഓയിലും സോയാബീൻ ഓയിലും ആണ് ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പ്രതിവർഷം 13.5 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ 8 മുതൽ 8.5 ദശലക്ഷം ടൺ (ഏകദേശം 63 ശതമാനം) പാം ഓയിൽ ആണ്. ഇപ്പോൾ, ഏകദേശം 45 ശതമാനം ഇന്തോനേഷ്യയിൽ നിന്നും ബാക്കിയുള്ളത് അയൽരാജ്യമായ മലേഷ്യയിൽ നിന്നുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഓരോ വർഷവും ഇന്തോനേഷ്യയിൽ നിന്ന് ഏകദേശം 4 ദശലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്യുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റ്, നൂഡിൽസ് ചോക്ലറ്റ് തുടങ്ങി നിത്യോപയോഗത്തിനുള്ള നിരവധി സാധനങ്ങൾ നിർമ്മിക്കാൻ പാമോയിലും അതിന്റെ ഡെറിവേറ്റീവുകളും ഉപയോഗിക്കുന്നുണ്ട്. നെസ്‌ലെ, ബ്രിട്ടാനിയ, മാരികോ തുടങ്ങിയ കമ്പനികളെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും. അസംസ്കൃത വസ്തുക്കളുടെ വില കൂടുന്നതോടെ ഉത്പന്നത്തിന്റെ വില വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാകും.

LEAVE A REPLY

Please enter your comment!
Please enter your name here