ദൈവത്തിന്റെ പേരില്‍ തീവ്രവാദം: രാമനവമിയുടെ ഭാഗമായുള്ള ഹിന്ദുത്വ ആക്രമണങ്ങളില്‍ പ്രതികരിച്ച് പാര്‍വതി

0
160

കോഴിക്കോട്: രാമനവമി റാലിയുടെ ഭാഗമായുള്ള ഹിന്ദുത്വ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ദൈവത്തിന്റെ പേരില്‍, തീവ്രവാദം എന്നാണ് ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ച് പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞത്.

ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി നാല് സംസ്ഥാനങ്ങളില്‍ രാമനവമിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിന്റെ വാര്‍ത്തയാണ് പാര്‍വതി പങ്കുവെച്ചത്.

അതേസമയം, മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ആക്രമണ സംഭവങ്ങളെത്തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാമനവമി ആഘോഷത്തിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ചായിരുന്നു അക്രമമെന്ന് അഡി. കലക്ടര്‍ എസ്.എസ് മുജര്‍ഡെ പറഞ്ഞു. ഇവിടെ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

അക്രമികള്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. കല്ലേറും നടന്നു. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വീടുകള്‍ തകര്‍ത്തു, തീവെയ്ക്കുകയും ചെയ്തു.

ഗുജറാത്തില്‍ ആനന്ദിലാണ് അക്രമങ്ങളുണ്ടായത്. കല്ലേറും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ഒതുക്കാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഖംബാത്തില്‍നിന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം കണ്ടെത്തി. 65വയസ്സുളള ഒരാളാണ് മരിച്ചിട്ടുള്ളത്.

ബംഗാളിലെ ഹൗറയില്‍, ഷിബ്പൂര്‍ മേഖലയില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വന്‍തോതില്‍ പൊലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. സമാധാനാന്തരീക്ഷം നിലനിറുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി പൊലിസ് അറിയിച്ചു.

ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ നിന്ന് രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here