മംഗളൂരുവില്‍ ഡിവൈഡര്‍ മറികടന്ന് പാഞ്ഞെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുതെറിപ്പിച്ചു; ഞെട്ടിക്കുന്ന അപകടം

0
165

മംഗളൂരു: മംഗളൂരുവില്‍ നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. അതിവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഡിവൈഡറിലിടിച്ച് ഉയര്‍ന്നുപൊങ്ങിയ ശേഷമാണ് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചത്. ഞെട്ടിക്കുന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ബല്ലാല്‍ബാഗ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പിന്നിലുള്ള മറ്റൊരു കാറിനടിയിലേക്കാണ് യുവതിയും സ്‌കൂട്ടറും തെറിച്ചുവീണത്. ആ വാഹനത്തിലേക്കും അപകമുണ്ടാക്കിയ കാര്‍ ഇടിച്ചുകയറിയതോടെ യുവതി ഇരുവാഹനങ്ങള്‍ക്കും ഇടയില്‍ അകപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി.

റോഡില്‍ ഓടിക്കൂടിയവരില്‍ ചിലര്‍ അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു. ഇയാള്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തില്‍ മറ്റൊരു കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. റോഡ് മുറിച്ചുകടക്കാന്‍ ഡിവൈഡറില്‍ നിന്നിരുന്ന ഒരു സ്ത്രീ അപകടത്തില്‍നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളും സിസിടിവി വീഡിയോയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here