ഡല്‍ഹിയില്‍ നാലാം തരം​ഗത്തിന് തുടക്കം?; കോവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ധിച്ചു; മൂന്ന് സ്‌കൂളുകള്‍ അടച്ചു

0
241

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5079 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 19 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൂന്ന് സ്‌കൂളുകള്‍ അടച്ചു.

നോയിഡയിലെ സ്‌കൂളിലാണ് അധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. ഡല്‍ഹിയിലെ കോവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു. ഡല്‍ഹിയില്‍ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ എക്ഇ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here