ചെറുനാരങ്ങയ്ക്ക് തീവില; രസകരമായ വീഡിയോ വൈറലാകുന്നു

0
184

ചെറുനാരങ്ങയ്ക്ക് റെക്കോര്‍ഡ് വിലയായത് ( Lemon Price ) കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. 180-200-220 റേഞ്ചിലാണ് കേരളത്തില്‍ ചെറുനാരങ്ങയുടെ വില. മറ്റ് പല സംസ്ഥാനങ്ങളിലും ഇതിനെക്കാളും വിലയാണ് നിലവില്‍ വിപണിയിലുള്ളതെന്നാണ് ( Market Price ) റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വേനലെത്തുമ്പോള്‍ സാധാരണഗതിയില്‍ ചെറുനാരങ്ങയ്ക്ക് വിലയേറാറുണ്ട്. ഇക്കുറി, തമിഴ്‌നാട്ടിലെ ഉത്സവ സീസണ്‍ കൂടി പ്രമാണിച്ചാണ് വിലക്കയറ്റമെന്നാണ് സൂചന. ഉത്സവങ്ങളില്‍ മാലയാക്കാന്‍ ധാരാളം ചെറുനാരങ്ങ ആവശ്യമായി വരാറുണ്ട്. ഈ ഡിമാന്‍ഡാണേ്രത ചെറുനാരങ്ങയ്ക്ക തീവിലയാകാന്‍ കാരണം.

മിക്ക വീടുകളിലും നിത്യേനയെന്നോണം ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. കറികളില്‍ ചേര്‍ക്കാനും സലാഡുണ്ടാക്കാനും ജ്യൂസ് ആക്കി കഴിക്കാനുമെല്ലാം മിക്കവരും ചെറുനാരങ്ങ വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഈ ദിവസങ്ങളില്‍ അധികപേരും ഇതിന് മുതിരുന്നില്ലെന്നതാണ് സത്യം. കല്യാണം പോലുള്ള ചടങ്ങുകളിലും ചെറുനാരങ്ങ കണി കാണാനില്ലെന്നാണ് കേള്‍വി.

ഈ സാഹചര്യത്തില്‍ രസകരമായൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ ശശാങ്ക് ഉഡാകെയാണ് വീഡിയോ ചെയ്തിരിക്കുന്നത്. ‘വെന്‍ ലൈഫ് ഗിവ്‌സ് യൂ ലെമണ്‍സ്’ ( When life gives you lemons ) എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് പ്രയോഗത്തെ അടിസ്ഥാനപ്പെടുത്തി വിവാഹച്ചടങ്ങിനിടെ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

അതിഥികള്‍ക്കുള്ള വിവിധ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നിടത്ത് സലാഡിന്റെ കൂട്ടത്തില്‍ ഒരു പാത്രം നിറയെ ചെറുനാരങ്ങ മുറിച്ചിട്ടത് കാണുകയാണ് ശശാങ്ക്. ഉടനെ തന്നെ ‘വെന്‍ ലൈഫ് ഗിവ്‌സ് യൂ ലെമണ്‍സ്’ എന്ന പ്രയോഗം ഓര്‍മ്മിച്ച് കയ്യിലിരുന്ന പാത്രമെല്ലാം മാറ്റിവച്ച് പരമാവധി നാരങ്ങ പെറുക്കിയെടുത്ത് പോക്കറ്റില്‍ നിറയ്ക്കുകയാണ് അദ്ദേഹം.

രസകരമായ ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നാരങ്ങയുടെ വിലക്കയറ്റം പ്രമാണിച്ച് ദുഖിതരായവരെല്ലാം വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

രസകരമായ വീഡിയോ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here