ഗുണ്ടാ ആക്രമണം; കാപ്പ ചുമത്തുന്നത് കലക്ടർമാർ വേഗത്തിലാക്കണം: മുഖ്യമന്ത്രി

0
54

തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നല്‍കുന്ന അപേക്ഷകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണം. അനാവശ്യമായി കാപ്പ ചുമത്തരുതെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നൽകി.

സംസ്ഥാനത്ത് ഗുണ്ടകൾ വിലസുന്നതിനു കാരണം കാപ്പ നിയമത്തിൽ കലക്ടർമാർ വെള്ളം ചേർത്തതിനാലാണെന്നു പൊലീസിന്റെ റിപ്പോർട്ടുണ്ടായിരുന്നു. കലക്ടർക്കൊപ്പം ഡിഐജിക്കും അധികാരം നൽകി കാപ്പ ശക്തമാക്കാൻ പൊലീസ് ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കാപ്പയിൽപ്പെടുത്തി ജയിലിലടയ്ക്കാൻ ഗുണ്ടകളുടെ പട്ടിക നൽകിയാൽ കലക്ടർമാർ അതു തള്ളിക്കളയുന്നത് ഗുണ്ടകൾക്കു ധൈര്യമാകുന്നുവെന്നും ഇതു ഗുരുതര പ്രത്യാഘാതമുണ്ടാക്കും എന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചത്.

‘ഓപ്പറേഷൻ കാവൽ’ തുടങ്ങി 4 മാസം പിന്നിട്ടിട്ടും ഗുണ്ടാ ആക്രമണങ്ങൾ കാര്യമായി കുറയാത്ത സാഹചര്യത്തിലാണു കാപ്പ നിയമം വീര്യംചോരാതെ നടപ്പാക്കിയേ മതിയാകൂ എന്നു പൊലീസ് നിലപാടെടുത്തത്. 2007ലാണ് ഗുണ്ടകളെ തടയുന്നതിനു കാപ്പ നിയമം കൊണ്ടുവന്നത്. 7 വർഷത്തിനിടയിൽ 3 ഗുണ്ടാ ആക്രമണ സ്വഭാവമുള്ള കേസുകളിൽ പ്രതിയായാൽ, ഇൗ പ്രതി ഇനിയും കുറ്റകൃത്യത്തിൽ പങ്കാളിയാകുമെന്ന സാധ്യത ചൂണ്ടിക്കാട്ടി കാപ്പ ചുമത്തി തടങ്കലിൽ വയ്ക്കാൻ ജില്ലാ പൊലീസ് മേധാവിക്കു കലക്ടറോടു ശുപാർശ ചെയ്യാം.

കലക്ടർ ഉത്തരവിറക്കിയാൽ 6 മാസം വരെ കരുതൽ തടങ്കലിൽ വയ്ക്കാം. കലക്ടർമാർ ഇതിനു മടിക്കുന്നതാണ് പൊലീസിനെ വലയ്ക്കുന്നത്. പൊലീസിന്റെ ശുപാർശയിൽ കലക്ടർ ലീഗൽ അഡ്വൈസർമാരുടെ റിപ്പോർട്ട് തേടും. ലീഗൽ അഡ്വൈസർമാർ മിക്കപ്പോഴും നിസ്സാര നടപടിക്രമം പറഞ്ഞ് പൊലീസിന്റെ ശുപാർശയ്ക്കെതിരെ റിപ്പോർട്ട് എഴുതുന്നതോടെ കലക്ടർ എസ്പിയുടെ ശുപാർശ തള്ളുന്നുവെന്നാണ് പരാതി. പുറമേ ഗുണ്ടകളുടെ രാഷ്ട്രീയ സ്വാധീനവും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുവെന്നാണ് ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here