കാണാത്തവര്‍ കാണുക, കണ്ടവര്‍ വീണ്ടും കാണുക; ഇത് പാറ്റ് കമ്മിന്‍സിന്‍റെ ‘പഞ്ഞിക്കിടല്‍’- വീഡിയോ

0
219

പുനെ: അപ്രതീക്ഷിതം, ആവേശം, ആഘോഷം… ഇന്നലെ ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യന്‍സ് (KKR vs MI) മത്സര ശേഷം ഒരൊറ്റ ചര്‍ച്ചയേ ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നുള്ളൂ. ജസ്‌പ്രീത് ബുമ്രയടക്കമുള്ള (Jasprit Bumrah) മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെ തലങ്ങുവിലങ്ങും പറത്തി വേഗമേറിയ ഐപിഎല്‍ ഫിഫ്റ്റി അടിച്ചെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിന്‍സായിരുന്നു (Pat Cummins) ചര്‍ച്ചാ വിഷയം. കമ്മിന്‍സിന്‍റെ പ്രഹരം ബുമ്രയുടെയും ഡാനിയേല്‍ സാംസിന്‍റേയും ഉറക്കം കെടുത്തിയിട്ടുണ്ടാകും എന്നുറപ്പ്. കമ്മിന്‍സിന്‍റെ തീപാറും ഇന്നിംഗ്‌സിന്‍റെ ഹൈലൈറ്റ് കാണാം.

കമ്മിന്‍സ് വെടിക്കെട്ട് കാണാന്‍ ക്ലിക്ക് ചെയ്യുക

ഐപിഎല്ലില്‍ സാക്ഷാല്‍ ജസ്‌പ്രീത് ബുമ്രയെ മുമ്പ് നിലംപരിശാക്കിയ ചരിത്രമുണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ പാറ്റ് കമ്മിന്‍സിന്. ഒരിക്കല്‍ക്കൂടി നിര്‍ഭയനായി ബുമ്രയടക്കമുള്ള മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ചു കമ്മിന്‍സ്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി കെകെആറിന്‍റെ ഓസീസ് പേസര്‍. കെ എല്‍ രാഹുലാണ് 14 പന്തില്‍ ഐപിഎല്‍ അര്‍ധ ശതകം നേടിയിട്ടുള്ള മറ്റൊരു താരം. മറ്റാര്‍ക്കും ഇതിനേക്കാള്‍ കുറവ് പന്തുകളില്‍ ഐപിഎല്ലില്‍ അര്‍ധ ശതകം നേടാനായില്ല.

സിക്‌സറിന് ഒരു കമ്മിയുമില്ല

15-ാം ഓവറില്‍ സാക്ഷാല്‍ ജസ്‌പ്രീത് ബുമ്രയെ ഫോറിനും സിക്‌സറിനും പറത്തിയാണ് പാറ്റ് കമ്മിന്‍സ് വരവറിയിച്ചത്. ഈ ഓവറില്‍ അയ്യരും കമ്മിന്‍സും കൂടി ആകെ നേടിയത് 12 റണ്‍സ്. 16-ാം ഓവറില്‍ ഓസീസ് സഹതാരം ഡാനിയേല്‍ സാംസിനെതിരെ സംഹാരരൂപം പൂണ്ടു കമ്മിന്‍സ്. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 35 റണ്‍സ് ഈ ഓവറില്‍ കമ്മിന്‍സ് അടിച്ചുകൂട്ടി. സാംസിന്‍റെ അവസാന പന്ത് ഗാലറിയിലെത്തിച്ച് കൊല്‍ക്കത്തയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം കമ്മിന്‍സ് സമ്മാനിക്കുകയായിരുന്നു. കളിയവസാനിക്കുമ്പോള്‍ കമ്മിന്‍സ് 15 പന്തില്‍ ആറ് സിക്‌സറും നാല് ഫോറും സഹിതം പുറത്താകാതെ 56 റണ്‍സുമായി അജയ്യനായി ക്രീസില്‍ നിന്നു. 41 പന്തിൽ 50 റൺസുമായി വെങ്കിടേഷ് അയ്യരും ടീമിന്‍റെ ജയത്തിൽ നിർണായകമായി.

LEAVE A REPLY

Please enter your comment!
Please enter your name here