കര്‍ണാടകയില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി നേതാവായ കോണ്‍ട്രാക്ടര്‍ മരിച്ച നിലയില്‍

0
288

ബെംഗളൂരു: കര്‍ണാടകയിലെ മന്ത്രിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബിജെപി നേതാവ് കൂടിയായ കോണ്‍ട്രാക്ടര്‍ സന്തോഷ് പാട്ടീലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഡുപ്പിയിലെ ലോഡ്ജില്‍ ചൊവ്വാഴ്ചയാണ് സന്തോഷ് പാട്ടീലീന്റെ മൃതദേഹം കണ്ടെത്തിയത്. കര്‍ണാടകയിലെ ഗ്രാമ വികസന മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെ ആയിരുന്നു സന്തോഷ് പാട്ടീല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഈശ്വരപ്പയ്ക്ക് എതിരെ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ സന്തോഷ് പരാതിയും നല്‍കിയിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തുവരുന്നത്.

ഉഡുപ്പി പൊലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം തിങ്കളാഴ്ച രാത്രിയാണ് സന്തോഷ് പാട്ടീല്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഈ സമയത്ത് ഇദ്ദേഹത്തിന് ഒപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ട് മുറികള്‍ എടുത്ത സംഘം ഒരു മുറിയില്‍ സന്തോഷും മറ്റൊരു മുറിയില്‍ മറ്റുള്ളവരും തങ്ങുകയായിരുന്നു. സുഹൃത്തുക്കളുടെ മുറിയില്‍ ആയിരുന്നു സന്തോഷ് പാട്ടില്‍ തന്റെ ലഗേജുകളും മറ്റും സൂക്ഷിച്ചത്. പിറ്റേന്ന് രാവിലെ സുഹൃത്തുക്കള്‍ സന്തോഷിനെ വിളിച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷം വീണ്ടും വിളിച്ചെങ്കിലും പ്രതികരണം ഇല്ലാതിരുന്നതോടെ ലോഡ്ജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷം അകത്ത് ചെന്നതാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസിനെ ഉദ്ദരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം അരംഭിച്ചു. സന്തോഷിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അതിനിടെ, ഏപ്രില്‍ 11 സന്തോഷ് ചില സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതായി പരാമര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സന്ദേശത്തില്‍ തന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഈശ്വരപ്പയ്ക്ക് ആണെന്നും സൂചിപ്പിച്ചിരുന്നു. സന്തോഷ് പാട്ടീലിന്റെ മരണത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെതിരെ രാഷ്ട്രീയ ആരോപണങ്ങളും ഉയരുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ രംഗത്ത് എത്തി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here