കയറ്റുമതി നിർത്തി ഇന്തൊനേഷ്യ; പാമോയിൽ വില കുതിക്കും

0
180

മുംബൈ: ഇന്തൊനേഷ്യ പാമോയിൽ കയറ്റുമതി നിർത്തിവയ്ക്കാൻ തീരുമാനിച്ചതിന്റെ ആഘാതം ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുമെന്ന് വിദഗ്ധർ. ഭക്ഷ്യ എണ്ണയ്ക്കും പായ്ക്കറ്റ് ഭക്ഷണസാധനങ്ങൾക്കും വില കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയിൽ കയറ്റുമതി രാഷ്ട്രമാണ് ഇന്തൊനേഷ്യ.

ഇന്ത്യയിൽ ഈയാഴ്ച അവസാനത്തോടെ തന്നെ പാമോലിൻ വില ആറു ശതമാനം കൂടുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിനു വേണ്ട മൊത്തം പാമോയിലിന്റെ പകുതിയും ഇറക്കുമതി ചെയ്യുന്നത് ഇന്തൊനേഷ്യയിൽനിന്നാണ്.

‘ഇന്തൊനേഷ്യൻ പാമോയിലിന്റെ നഷ്ടത്തെ ആർക്കും നികത്താനാകില്ല. എല്ലാ രാജ്യവും അനുഭവിക്കേണ്ടി വരും’- പാകിസ്താൻ എഡിബ്ൾ ഓയിൽ റിഫൈനേഴ്‌സ് അസോസിയേഷനെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോർട്ടു ചെയ്തു.

ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് പുറമേ, ഡിറ്റർജന്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ജൈവ ഇന്ധനങ്ങൾ തുടങ്ങിയവയിൽ പാമോയിൽ ഉപയോഗിക്കുന്നുണ്ട്. സോപ്പ്, ഷാംപൂ, നൂഡിൽസ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങി നിരവധി വസ്തുക്കളിലും ഓയിൽ ഉപയോഗിക്കുന്നു. ലഭ്യത കുറയുന്നതോടെ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതമാകും.

ഇന്തൊനേഷ്യ കയറ്റുമതി നിരോധിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ പാമോയിൽ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ പാമോയിൽ വില. ഇന്തൊനേഷ്യയിൽ 26436 രൂപയാണ് (1.84 യുഎസ് ഡോളർ) ഒരു ലിറ്റർ വില. ഈ വർഷം ഇതുവരെ 40 ശതമാനം വർധനയാണ് ഇതിലുണ്ടായത്. വില വർധനയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളുണ്ടായിരുന്നു.

ഏപ്രിൽ 18 മുതലാണ് കയറ്റുമതി നിരോധം പ്രാബല്യത്തിൽ വരിക. ഓരോ വർഷവും 13 മുതൽ 13.5 ദശലക്ഷം ടൺ ഭക്ഷ്യഎണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിൽ എട്ട് മുതൽ എട്ടര ദശലക്ഷം ടൺ വരെയാണ് പാമോയില്‍ ഇറക്കുമതി. മാസങ്ങളായി പാമോയിൽ വില അടിക്കടി വർധിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here