കണ്ണൂരിലും പാലക്കാടിന് സമാനമായ സംഘര്‍ഷത്തിന് സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്

0
120

കണ്ണൂര്‍: പാലക്കാടിന് സമാനമായി കണ്ണൂരിലും ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ. സംഘര്‍ഷത്തിന് സാധ്യതയെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. കണ്ണൂര്‍ കണ്ണവത്തെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷ സാധ്യതയുള്ളതെന്നാണ് കണ്ണൂര്‍ റൂറല്‍ എസ്.പി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ സഹോദരങ്ങളില്‍നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഭീഷണിയുണ്ട്. ഇതുപോലെ സലാഹുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്നും പറയുന്നു.

2018-ലാണ് കണ്ണവത്ത് എ.ബി.വി.പി. പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020-ല്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീന്‍ വധക്കേസിലെ പ്രതികളായ അശ്വിന്‍, റിഷില്‍, അമല്‍രാജ് എന്നിവര്‍ക്ക് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരില്‍നിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളില്‍നിന്നും ഭീഷണിയുണ്ടെന്നും പ്രതികാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേരീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീന് നേരേയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റൂറല്‍ പരിധിയിലെ പോലീസ് സ്‌റ്റേഷനുകളിലേക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ച റിപ്പോര്‍ട്ടില്‍ ജില്ലയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച മറ്റുസംഭവങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here