“കഅ്ബയുടെ ആദ്യ കാഴ്ച്ചക്ക് ദൈവത്തിന് നന്ദി”; ആദ്യ ഉംറ നിര്‍വ്വഹിച്ച് സന ഖാന്‍

0
198

അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ദൈവത്തിന്‍റെ പാതയിലാണെന്ന് പ്രഖ്യാപിച്ച മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ ആദ്യ ഉംറ നിര്‍വ്വഹിച്ചു. അല്ലാഹുവിന്‍റെ സഹായത്താൽ ഉംറ നിര്‍വ്വഹിച്ചതായും കഅ്ബയുടെ ആദ്യ ദർശനത്തിന് ദൈവത്തിന് സ്തുതിയെന്നും സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങളോടെ കുറിച്ചു. എല്ലാവരുടെയും ഉംറയും ഇബാദത്തും അല്ലാഹു സ്വീകരിക്കട്ടെ, ഇതുവരെ കഅ്ബ സന്ദര്‍ശിക്കാന്‍ സാധിക്കാത്ത ആളുകൾക്കായി അല്ലാഹു വാതിൽ തുറക്കട്ടെയെന്നും സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് മുഫ്തി അനസിനൊപ്പമാണ് സന ഖാന്‍ ഉംറക്കായി മക്കയിലെത്തിയത്. ഉംറക്കായി മക്കയിലെത്തിയതിന് ശേഷമുള്ള നിമിഷങ്ങളെല്ലാം തന്നെ താരം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

2020 ഒക്ടോബര്‍ എട്ടിനാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തിന്‍റെ പാതയിലാണെന്നും നടി സന ഖാന്‍ പ്രഖ്യാപിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്‍റെ പുതിയ ജീവിതമെന്ന് സന ഇസ്‍ലാം ആശ്ലേഷന കുറിപ്പില്‍ വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതിന്‍റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്നും​ സന കൂട്ടിച്ചേർത്തു. 2020 നവംബര്‍ 22ന് സന ഖാന്‍ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസിനെയാണ് താരം വിവാഹം കഴിച്ചത്. ‘അല്ലാഹുവിന് വേണ്ടി സ്നേഹിച്ചു, അല്ലാഹുവിന് വേണ്ടി വിവാഹം കഴിച്ചു, ഇഹലോകത്തും സ്വര്‍ഗത്തിലും അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കുമാറാകട്ടെ’; എന്നാണ് വിവാഹ ഫോട്ടോ പങ്കുവെച്ച് സന ഖാന്‍ അന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

ഹിന്ദി, തമിഴ്​, തെലുഗ്​ സിനിമകളിൽ സജീവമായിരുന്ന സന ‘ക്ലൈമാക്​സ്’​ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. സൽമാൻ ഖാൻ നായകനായ ‘ജയ്​ഹോ’-യാണ്​ സനയുടെ ശ്രദ്ധേയ ചിത്രം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here