ഓൺലൈനിലൂടെ സെക്കന്റ് ഹാൻഡായി വാങ്ങിയ അലമാരയിൽ ഒളിപ്പിച്ച നിലയിൽ ഒരുകോടിയിലധികം രൂപ!

0
26

ഓൺലൈനിലൂടെ സെക്കന്റ് ഹാൻഡായി അടുക്കളയിലേക്കുള്ള അലമാരകൾ ഓർഡർ ചെയ്ത ജർമ്മനി(Germany)യിൽ നിന്നുള്ള ഒരു മനുഷ്യൻ അന്തംവിട്ടിരിക്കയാണ്. കാരണം വേറൊന്നുമല്ല, അതിനകത്ത് നിന്നും ഇയാൾക്ക് കിട്ടിയത് 1.2 കോടി രൂപ. സോഷ്യൽ ഹൗസിംഗ് വർക്കറായ തോമസ് ഹെല്ലർ(Thomas Heller), eBay-യിലാണ് കിച്ചൺ കാബിനറ്റ് ഓർഡർ ചെയ്‍തത്. പ്രായമായ ഒരു ദമ്പതികളുടെ വീട്ടിൽ നിന്നാണ് അടുക്കള ഷെൽഫുകൾ വാങ്ങിയത്. 19,000 രൂപയായിരുന്നു ഇതിന് നൽകിയത്.

കുറച്ച് ദിവസങ്ങൾക്ക് ശേഷം അലമാര തുറന്ന് നോക്കിയപ്പോൾ അതിനകത്ത് രണ്ട് പെട്ടികളിരിക്കുന്നത് കാണുകയായിരുന്നു. അത് തുറന്ന് നോക്കിയപ്പോഴാണ് അതിൽ നിന്നും പണം കണ്ടെത്തിയത്. അത് ആരോ മറന്നുവച്ച നിലയിലായിരുന്നു ഇരുന്നത്. 1.2 കോടി രൂപയാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. എന്നാൽ, ആ പണം കൈക്കലാക്കാൻ ഹെല്ലർ ശ്രമിച്ചില്ല. മറിച്ച് അദ്ദേഹം നേരെ പൊലീസിൽ ആ പണം ഏൽപ്പിക്കുകയായിരുന്നു. ഇത്രയധികം പണവും അതുപോലെ ഹെല്ലറിന്റെ സത്യസന്ധതയും കണ്ട് പൊലീസുകാർ വരെ ഞെട്ടിപ്പോയി. അവർ കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി. ഒപ്പം തന്നെ ഇതിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു.

ഹാലെ നഗരത്തിൽ നിന്നുള്ള 91 വയസ്സുള്ള സ്ത്രീയുടേതാണ് പണം എന്ന് പൊലീസ് കണ്ടെത്തി. ഭർത്താവ് മരിച്ചതിനെത്തുടർന്ന് ഒരു റിട്ടയർമെന്റ് ഹോമിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു ഇവരെ. പൊലീസ് വക്താവ് അസ്ട്രിഡ് കുച്‍ഡാ പറഞ്ഞത്, ഹാലെ ന​ഗരത്തിൽ നിന്നുമുള്ള ഒരു ദമ്പതികളുടേതാണ് പണം. അത് എളുപ്പം ആർക്കും കണ്ടെത്താനാവാത്തവിധം അലമാരയ്ക്കുള്ളിൽ വച്ചിരിക്കുകയായിരുന്നു എന്നാണ്.

ഈ അലമാര വിറ്റത് ദമ്പതികളുടെ കൊച്ചുമകനാണ്. എന്നാൽ, അതിനകത്ത് ഇങ്ങനെ പണം ഇരിക്കുന്നതായി തനിക്ക് അറിയുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ കളഞ്ഞുകിട്ടുന്ന പണം ഒരു നിശ്ചിത തുകയിൽ കൂടുതൽ സൂക്ഷിക്കാൻ ജർമ്മനിയിൽ അനുവാദമില്ല. അത് മൂന്നുവർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. എന്നാൽ, സത്യസന്ധമായി പണം പൊലീസിലേൽപ്പിച്ച വകയിൽ ഹെല്ലറിന് 1.2 കോടിയുടെ മൂന്ന് ശതമാനത്തിന് അർഹതയുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here