Thursday, March 28, 2024
Home Kerala എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം: കൊലയാളി സംഘത്തില്‍ നാല് പേര്‍, മുഖം മൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി

എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം: കൊലയാളി സംഘത്തില്‍ നാല് പേര്‍, മുഖം മൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി

0
241

പാലക്കാട്: പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊന്ന സംഘത്തില്‍ നാല് പേരുണ്ടെന്ന് സൂചന. കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി പൊലീസിന് ലഭിച്ചതായാണ് വിവരം. ഡ്രൈവര്‍ ഉള്‍പ്പടെ 5 പേരാണ് സംഘത്തിലുള്ളത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയതായാണ് സൂചന.

സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പുറത്ത് വന്നിരുന്നു. സുബൈറിനെ കൊലപ്പെടുത്താന്‍ വന്ന സംഘം ഉപയോഗിച്ച ഇയോണ്‍ കാറിന്റെ നമ്പര്‍, മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ കാര്‍ കൊലയാളി സംഘം എലപ്പുള്ളി പാറയില്‍ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

കെ എല്‍ 11 എ ആര്‍ 641 എന്ന നമ്പറിലുള്ള ഇയോണ്‍ കാര്‍ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികള്‍ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് തന്നെ ഈ കാര്‍ പ്രതികള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ഈ കാര്‍ സഞ്ജിത്തിന്റേതാണെന്ന് വ്യക്തമായത്.

ഇയോണ്‍ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളര്‍ വാഗണ്‍ ആര്‍ കാറില്‍ പ്രതികള്‍ രക്ഷപ്പെട്ടതായാണ് സംശയം. പാലക്കാട് എലപ്പുള്ളിയിലാണ് സുബൈറിനെ ഇന്ന് ഉച്ചയോടെ വെട്ടിക്കൊലപ്പെടുത്തിയത്. കുത്തിയതോട് സ്വദേശിയാണ് കൊല്ലപ്പെട്ട സുബൈര്‍. 47 വയസായിരുന്നു. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈറിന്റെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here