എം കെ സ്റ്റാലിനെ അധിക്ഷേപിച്ചു; നടി മീര മിഥുനെ അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ നിര്‍ദേശം

0
125

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ അധിക്ഷേപിച്ചെന്ന കേസിൽ നടി മീര മിഥുനെ അറസ്റ്റ് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മീര നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.

മീര മിഥുന്‍റെ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത സിനിമയായ പേയ് കാണോമിന്‍റെ അണിയറ പ്രവർത്തകരുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എം.കെ സ്റ്റാലിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നാണ് പരാതി. നിര്‍മാതാവ് സുരുളിവേല്‍ ആണ് പരാതി നല്‍കിയത്. പിന്നാലെ സൈബർ പോലീസ് കേസെടുത്തു. 294 (ബി) (അശ്ലീല ഗാനം ആലപിക്കുകയോ ഉച്ചരിക്കുകയോ ചെയ്യുക), 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക), 504 (സമാധാന ലംഘനത്തിന് മനഃപൂർവം ശ്രമിക്കുക) ഉൾപ്പെടെയുള്ള ഐ.പി.സിയിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതോടെ നടി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.

നിർമാതാവിൽ നിന്ന് പ്രതിഫലം ആവശ്യപ്പെട്ടതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് മീര മിഥുന്‍ ജാമ്യ ഹരജിയില്‍ പറഞ്ഞത്. നിര്‍മാതാവ് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മീര വാദിച്ചു. എന്നാൽ നടി സ്ഥിരമായി ഇത്തരത്തില്‍ പെരുമാറുന്ന ആളാണെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട ഹൈക്കോടതി, നടിയെ അറസ്റ്റു ചെയ്യാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. ജസ്റ്റിസ് ജി. ജയചന്ദ്രനാണ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം വൈറൽ ആയ ഒരു വീഡിയോയിൽ ദലിതരെ അധിക്ഷേപിച്ചതിന് മീരയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബിഗ് ബോസ് ഷോയിലൂടെയാണ് മീര പ്രശസ്തയായത്.

LEAVE A REPLY

Please enter your comment!
Please enter your name here