ഇസ്‌ലാം വിരുദ്ധ പാര്‍ട്ടി റാലിയില്‍ ഖുര്‍ആന്‍ കത്തിച്ചു; സ്വീഡനില്‍ പ്രതിഷേധം ശക്തം; കലാപം

0
329

സ്റ്റോക്ക്‌ഹോം: സ്വീഡനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കും അവയുടെ ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രതിഷേധം ശക്തം. പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായതോടെ കലാപ സമാനമായ അന്തരീക്ഷമാണ് സ്വീഡനില്‍.

സ്വീഡനിലെ തീവ്ര വലതുപക്ഷ- കുടിയേറ്റ വിരുദ്ധ, ഇസ്‌ലാം വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് കഴിഞ്ഞ ദിവസം പൊതുനിരത്തില്‍ വെച്ച് ഖുര്‍ആന്‍ കോപ്പി കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം കനത്തത്.

സ്ട്രാം കുര്‍സ് പാര്‍ട്ടി നടത്തിയ റാലികളുടെ ഭാഗമായും സ്വീഡനില്‍ അക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. ഈ റാലിയുടെ ഭാഗമായായിരുന്നു ഖുര്‍ആന്‍ കത്തിച്ചത്.

പൊലീസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

വ്യാഴാഴ്ച പൊലീസിനൊപ്പം സെന്‍ട്രല്‍ സ്വീഡനിലെ ലിന്‍കോപിങ് എന്ന സ്ഥലത്തെത്തിയ സ്ട്രാം കുര്‍സ് പാര്‍ട്ടി നേതാവ് റാസ്മസ് പലൂദാന്‍ തുറസായ സ്ഥലത്ത് വെച്ച് ഖുര്‍ആന്‍ കോപ്പി കത്തിക്കുകയായിരുന്നു.

പലൂദാന്‍ റോഡില്‍ വെച്ച് ഖുര്‍ആന്‍ കത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ നിന്നിരുന്നവര്‍ പ്രതിഷേധവുമായി അടുത്ത് കൂടിയിരുന്നു. ഇയാളെ പിന്തിരിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വെച്ചായിരുന്നു ഇയാള്‍ ഗ്രന്ഥം കത്തിച്ചത്.

അതേസമയം, പ്രതിഷേധപ്രകടനങ്ങളെത്തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘട്ടനത്തിലും അക്രമ സംഭവങ്ങളിലും ഒമ്പത് പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

എന്നാല്‍ പ്രതിഷേധക്കാരില്‍ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നതിന്റെ കണക്കുകളോ റിപ്പോര്‍ട്ടുകളോ പുറത്ത് വന്നിട്ടില്ല.

ഏകദേശം 200ഓളം പേരടങ്ങുന്ന സംഘമാണ് സ്വീഡനില്‍ ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം നയിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുമ്പ് 2019ലും റാസ്മസ് പലൂദാന്‍ ഇതുപോലെ ഖുര്‍ആന്‍ കോപ്പി കത്തിച്ച് കളഞ്ഞിരുന്നു. ഇതിന് പിന്നാലെ 2020 സെപ്റ്റംബറില്‍ രണ്ട് വര്‍ഷത്തേക്ക് സ്വീഡനിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഇയാളെ വിലക്കിയിരുന്നു.

സ്ട്രാം കുര്‍സ് പാര്‍ട്ടി പോലുള്ള മറ്റ് പല തീവ്ര വലതുപക്ഷ- വംശീയ പാര്‍ട്ടികളും ഇതുപോലുള്ള ഇസ്‌ലാമോഫോബിക്- മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തികള്‍ സ്വീഡനില്‍ തുടര്‍ച്ചയായി ചെയ്യാറുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here