ഇലോൺ മസ്കിന്റെ ട്വിറ്റർ; വരാൻ പോകുന്ന മാറ്റങ്ങൾ

0
259

ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കി മണിക്കൂറുകൾ പിന്നിടുമ്പോൾ ഇനി എന്ത് മാറ്റങ്ങളായിരിക്കും ഇലോൺ മസ്‌ക് ട്വിറ്ററിൽ വരുത്തുക എന്നുള്ളതാണ് ലോകം ഉറ്റുനോക്കുന്നത്. മസ്‌ക് ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരികൾ നേടിയപ്പോൾ തന്നെ ട്വിറ്റർ പ്ലാറ്റ്ഫോമിലെ തനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളെ ചൂണ്ടികാട്ടിയിരുന്നു. കൂടാതെ വർഷങ്ങളായി ട്വിറ്ററിന്റെ  പ്രവർത്തനരീതിയിൽ താൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മസ്‌ക് തന്റെ 83 ദശലക്ഷം ഫോളോവേഴ്‌സിനോട് അഭിപ്രായം ആരായുകയും ചെയ്തിരുന്നു. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളർ) മോഹവിലയ്ക്ക്  ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കുമ്പോൾ, അദ്ദേഹം ആഗ്രഹിച്ച മാറ്റങ്ങൾ ട്വിറ്ററിൽ വരും ദിവസങ്ങളിൽ പ്രകടമാകുമെന്ന് അനുമാനിക്കാം.

ട്വിറ്ററിൽ മിസ്റ്റർ മസ്‌ക് വരുത്തുമെന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ ഇതാ:

എഡിറ്റ് ബട്ടൺ : ഏപ്രിൽ 4-ന് നടന്ന ട്വിറ്റർ വോട്ടെടുപ്പിൽ ഇലോൺ മസ്‌ക് എഡിറ്റ് ബട്ടൺ എന്ന ആശയം അവതരിപ്പിച്ചു. “നിങ്ങൾക്ക് ഒരു എഡിറ്റ് ബട്ടൺ വേണോ?” എന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ തന്റെ ഫോളോവേഴ്സിനോട് ചോദിച്ചു. നാല് ദശലക്ഷത്തിലധികം ആളുകളാണ് മസ്കിന്റെ ഈ ചോദ്യത്തിനോട് പ്രതികരിച്ചത്. ഭൂരിഭാഗം ഉപയോക്താക്കളും മസ്കിന്റെ ഈ ചോദ്യത്തിന് അതെ വേണം എന്നാണ് മറുപടി പറഞ്ഞത്. നിലവിൽ ട്വിറ്ററിൽ എഡിറ്റ് ബട്ടൺ ഇല്ല. ഒരു തവണ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കഴിഞ്ഞാൽ ആ പോസ്റ്റ് തിരുത്താൻ സാധിക്കുകയില്ല. പകരം ഒരു തവണ പോസ്റ്റ് ചെയ്തത് ഡിലീറ്റ് ചെയ്യാൻ മാത്രമേ സാധിക്കൂ.

ട്വിറ്ററിന്റെ അൽഗോരിതം : മാർച്ച് 24-ലെ തന്റെ ട്വീറ്റിലാണ് ഇലോൺ മസ്‌ക് ട്വിറ്ററിന്റെ അൽഗോരിതം ഓപ്പൺ സോഴ്‌സ് ആയിരിക്കണമെന്ന്നിർദേശിച്ചത്. ഇതും ഒരു വോട്ടെടുപ്പിന്റെ രൂപത്തിലായിരുന്നു മസ്‌ക് അവതരിപ്പിച്ചത്. ഇതിനു മറുപടിയായി 83 ശതമാനത്തോളം ആളുകൾ വോട്ട് ചെയ്തത് വേണമെന്നാണ്.  ട്വിറ്റർ ഉപയോക്താക്കൾക്ക് അവരുടെ ട്വീറ്റുകൾ തരംതാഴ്ത്തുകയോ പ്രമോട്ടുചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്ന് കാണാൻ സാധിക്കുന്ന സംവിധാനം ഉണ്ടാക്കണം എന്ന മസ്‌ക് ഇതിനു മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

ക്രിപ്‌റ്റോകറൻസി അഴിമതികൾ കണ്ടെത്താം : 2020ൽ മസ്കിന്റെ ക്രിപ്‌റ്റോ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിപ്‌റ്റോകറൻസി അഴിമതികൾ കണ്ടെത്താനുള്ള മാർഗം കൂടി മസ്‌ക് പരിഗണിക്കുമെന്ന് കരുതുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം : ട്വിറ്ററിൽ അനുവദീയനിയമായതും അല്ലാത്തതുമായ വിഷയങ്ങളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇത് വിലങ്ങുതടിയാണെന്ന് മസ്‌ക് പറയുന്നു. മാർച്ചിൽ നടന്ന മറ്റൊരു ട്വിറ്റർ വോട്ടെടുപ്പിൽ അദ്ദേഹം ഉപയോക്താക്കളോട് പ്രവർത്തികമായ ഒരു ജനാധിപത്യത്തിന് അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമാണ്. ട്വിറ്റർ ഈ തത്വം കർശനമായി പാലിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചു വോട്ടെടുപ്പിൽ പങ്കെടുത്ത 70 ശതമാനത്തിലധികം ഉപഭോക്താക്കൾ ഇല്ല എന്നാണ് അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here