ഇന്ധനവില വർധനവ്: വിമാനയാത്രക്കിടെ സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ് -വീഡിയോ

0
183

ദില്ലി: വിമാനയാത്രക്കിടെ ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ്. ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. മഹിളാ കോൺ​ഗ്രസ് നേതാവ് നെറ്റ ഡിസൂസയാണ് സ്മൃതി ഇറാനിയെ ചോദ്യം ചെയ്തത്. തർക്കത്തിന്റെ വീഡിയോ ഇവർ ട്വീറ്റ് ചെയ്തു. ”കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എൽപിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വാക്‌സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവർ കുറ്റപ്പെടുത്തി. അവർ എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക”- ഡിസൂസ ട്വീറ്റ് ചെയ്തു.

വീഡിയോയിൽ, യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്ന സമയത്ത് കോൺഗ്രസ് നേതാവ് മന്ത്രിയെ ചോദ്യം ചെയ്യുന്നത് കാണാം. കോൺഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ദയവായി കള്ളം പറയരുതെന്നും മന്ത്രി പറഞ്ഞു. 16 ദിവസത്തിനുള്ളിൽ പെട്രോൾ വില  ലിറ്ററിന് 10 രൂപ വർധിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വർധനയുണ്ടായിട്ടില്ല. ദില്ലിയിൽ  ഒരു ലിറ്റർ പെട്രോൾ 105.41 രൂപക്കും ഡീസൽ ലിറ്ററിന് 96.67 രൂപക്കുമാണ് വിൽക്കുന്നത്.

റഷ്യ-ഉക്രെയ്ൻ യുദ്ധമാണ് വിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.  യുഎസ്, യുകെ, കാനഡ, ജർമ്മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം മാത്രമാണ് ഇന്ത്യയിലെ വില വർധനവെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here