ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലയും കുതിക്കുന്നു; ശ്രീലങ്കക്ക് പിന്നാലെ നേപ്പാളിലും പ്രതിസന്ധി

0
81

കാഠ്മണ്ഡു: ശ്രീലങ്കക്ക് പിന്നാലെ നേപ്പാളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. രാജ്യത്തിന്‍റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഏഴ് മാസം കൊണ്ട് 16 ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്ത് ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ധനക്ഷാമത്തെ തുടർന്ന് വില കുതിച്ചുയർന്നതോടെ അവശ്യവസ്തുക്കളുടെ വിലയും ഇരട്ടിയായി. പെട്രോൾ ലിറ്ററിന് 150 രൂപയും ഡീസലിന് 133 രൂപയുമാണ് നിലവിലെ വില. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസത്തെ അവധി നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കാനാണിത്.

വിദേശത്ത് താമസിക്കുന്ന നേപ്പാൾ പൗരന്മാരോട് രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപം നടത്താൻ ധനമന്ത്രി ജനാര്‍ദന്‍ ശര്‍മ അഭ്യർത്ഥിച്ചു. മാതൃരാജ്യത്തോടുള്ള ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം ആകര്‍ഷകമായ പലിശയാണ് വാഗ്ദാനം. വിലകൂടിയ കാറുകൾ, സ്വർണം, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിനോദ സഞ്ചാര മേഖല തകർന്നടിഞ്ഞതാണ് നേപ്പാളിലെ പ്രതിസന്ധിക്ക് ഒരു കാരണം. ഇതോടെ വിദേശ കരുതൽ ശേഖരത്തിൽ മാന്ദ്യം അനുഭവപ്പെട്ടു. കോവിഡ് വ്യാപനം കുറഞ്ഞതോടെ നേപ്പാളിലെത്തുന്ന സഞ്ചരികളുടെ എണ്ണം കൂടിയിട്ടുണ്ട്. നിലവിലെ റഷ്യൻ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനക്ഷാമമുണ്ട്. പ്രധാന എണ്ണ ഉത്പാദകരായ ഇറാനും വെനസ്വേലയും പെട്രോളിയം വിൽക്കുന്നതിൽ ഉപരോധം നേരിടുകയാണ്.

എന്നാല്‍ നേപ്പാളില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി അവകാശപ്പെട്ടു. വിദേശത്ത് താമസിക്കുന്ന 100,000 നേപ്പാളി പൗരന്മാർ നേപ്പാളി ബാങ്കുകളിൽ 10,000 ഡോളർ വീതം നിക്ഷേപിച്ചാൽ നിലവിലെ പണലഭ്യതാ പരിമിതി മറികടക്കാന്‍ കഴിയും. നേപ്പാളിന്‍റെ സ്ഥിതി ശ്രീലങ്കയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here