‘ഇതാണോ സമത്വം’, ഇർഫാൻ പത്താന്റെ ഭാര്യ സഫ ബെയ്ഗിനെതിരെ സൈബർ ആക്രമണം

0
196

മുംബൈ: രാമനവമിയുമായി ബന്ധപ്പെട്ട അതിക്രമങ്ങളിൽ പ്രതികരിച്ച മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താന്റെ ഭാര്യയ്‌ക്കെതിരെ സൈബർ ആക്രമണം. സഫ ബേഗിന്റെ മോഡലിങ് കാലത്തെയും പത്താന്റെ ഭാര്യയായ ശേഷമുള്ള സമയത്തെയും ചിത്രങ്ങൾ പങ്കുവച്ചാണ് ഇവർക്കെതിരെ അധിക്ഷേപം നടക്കുന്നത്. വിവാഹത്തിന് ശേഷം ഹിജാബ് അണിഞ്ഞാണ് സഫ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറുള്ളത്. 2016 ഫെബ്രുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

ഈയിടെ രാമനവമിയുമായി ബന്ധപ്പെട്ട ഇർഫാന്റെ ട്വീറ്റ് ചർച്ചകൾക്ക് വഴി വച്ചിരുന്നു. ‘എന്റെ രാജ്യം, എന്റെ സുന്ദര രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതിയിലെത്താൻ കഴിവുള്ള രാഷ്ട്രം. പക്ഷേ…’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ട്വീറ്റിന് മറുപടിയുമായി മുൻ ക്രിക്കറ്റ് താരം അമിത് മിശ്രയും മലയാള സിനിമാ സംവിധായകൻ മേജർ രവിയും രംഗത്തെത്തിയിരുന്നു. നമ്മുടെ ഭരണഘടനയാണ് ആദ്യം പിന്തുടരേണ്ടത് എന്നത് കുറച്ചു പേർ മാത്രം മനസ്സിലാക്കുന്നു എന്നായിരുന്നു അമിത് മിശ്രയുടെ ട്വീറ്റ്. താങ്കളെയോർത്ത് ലജ്ജിക്കുന്നു എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം.

പത്താൻ പങ്കുവച്ച ഭരണഘടനയുടെ ചിത്രം ഉയർത്തിക്കാട്ടിയാണ് സഫ ബേഗിനെതിരെ ആക്രമണം നടക്കുന്നത്. ഹിജാബിട്ട ചിത്രങ്ങൾ ചൂണ്ടിക്കാട്ടി ഇതാണോ ഇർഫാന്റെ സമത്വമെന്നാണ് ചില ട്വിറ്റർ ഹാൻഡ്‌ലുകൾ ചോദിക്കുന്നത്.

അതേസമയം, മുഖം മറയ്ക്കാനുള്ള തീരുമാനം ഭാര്യയുടേതാണ് എന്നും താൻ സഫയുടെ അധിപനല്ലെന്നും പങ്കാളി മാത്രമാണെന്നും പത്താൻ വ്യക്തമാക്കിയിരുന്നു. 2018ൽ മോഡല്‍ പ്രിൻസ് നരൂലയുടെയും യുവികയുടെയും വിവാഹച്ചടങ്ങിൽ ഇവർ ഹിജാബ് ധരിച്ചെത്തിയും വാർത്തയായിരുന്നു. അതേ വർഷം, കൈയിൽ മെഹന്തിയും നെയിൽ പോളിഷും അണിഞ്ഞ സഫയുടെ ചിത്രം ഇർഫാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും വിവാദമായി.

സൗദി ബിസിനസുകാരൻ മിർസ ഫാറൂഖ് ബെയ്ഗിന്റെ മകളാണ് സഫ. ജിദ്ദയിലാണ് ജനനം. 2014ലാണ് ഇർഫാൻ പത്താനെ കണ്ടു മുട്ടുന്നത്. രണ്ടു വർഷത്തിനു ശേഷം മക്കയിൽ വച്ചു വിവാഹിതയായി. കിഴക്കൻ ഏഷ്യയിലെ അറിയപ്പെടുന്ന മോഡലായിരുന്ന അവർ വിവാഹ ശേഷം മോഡലിങ് ഉപേക്ഷിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here