ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ ഇനി മുൻകൂർ അനുമതി വേണം; എത്ര ശബ്ദത്തിൽ പ്രവർത്തിപ്പിക്കണമെന്ന കാര്യവും സർക്കാർ തീരുമാനിക്കും

0
376

മുംബയ്: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ സംബന്ധിച്ച് കർശന നിലപാടുമായി മഹാരാഷ്ട്ര സർക്കാർ. മുൻകൂർ അനുമതിയോടെ മാത്രമേ ഇനി ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവദിക്കൂ. മേയ് മൂന്നാം തീയതിയാണ് ആരാധനാലയങ്ങൾക്ക് അനുമതി എടുക്കാനുള്ള അവസാന അവസരം. അതിനു ശേഷം അനുമതിയില്ലാതെ പ്രവർത്തിപ്പിക്കുന്ന ഉച്ചഭാഷിണികൾ പൊലീസ് നീക്കം ചെയ്യുമെന്നാണ് വിവരം. അനുമതിയിൽ എത്ര ശബ്ദത്തിൽ പ്രവർത്തിപ്പിക്കാമെന്നതും രേഖപ്പെടുത്തും. ഇതിൽ കൂടുതൽ ശബ്ദത്തിൽ ഏതെങ്കിലും ആരാധനാലയത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

മുസ്ലീം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന (എം എൻ എസ്) നേതാവ് രാജ് താക്കറെ രംഗത്തെത്തിയത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പള്ളികൾക്കു മുന്നിൽ ഹനുമാൻ ചാലിസ പ്രക്ഷേപണം ചെയ്യുമെന്നും താക്കറെ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ മതസൗഹാർദ്ദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ക്ഷേത്രങ്ങളിൽ നിന്നും പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ദിലീപ് വഷസേ നേരത്തെ പ്രതികരിച്ചിരുന്നു. ഇതോടൊപ്പം തന്നെ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കുമെന്നും സംസ്ഥാനത്തെ എല്ലാ പൊലീസ് കമ്മീഷണർമാർക്കും വിഷയത്തിൽ നിർദ്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here