അധ്യാപികയെ വേശ്യയായി ചിത്രീകരിച്ചു, ഫോട്ടോയും മൊബൈൽ നമ്പറും പോസ്റ്ററായി ബസ് സ്റ്റാൻഡിലും ടോയ്‌ലെറ്റിലും പതിപ്പിച്ചു; കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപകർ അറസ്റ്റിൽ

0
190

മംഗളൂരു: മംഗളൂരുവിലെ കോളേജ് അധ്യാപികയെ വേശ്യയായി ചിത്രീകരിച്ച് മൊബൈൽ നമ്പറും ഫോട്ടോയും അടങ്ങുന്ന പോസ്റ്റർ ബസ് സ്റ്റാൻഡിലും പൊതുടോയ്‌ലറ്റിലും അടക്കം പതിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ ഈ അധ്യാപികയുടെ കൂടെ ജോലി ചെയ്‌യുന്ന മൂന്ന് അധ്യാപകരാണ് അറസ്റ്റിലായത്.

അധ്യാപിക നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് ഇതേ കോളേജിലെ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തത് വിദ്യാർത്ഥികളേയും നടുക്കിയിരിക്കുകയാണ്. കോളേജിലെ അധ്യാപകരായ ബെൽത്തങ്ങാടി സ്വദേശി പ്രകാശ് ഷേണായി (44), സിദ്ധക്കാട്ടെ പ്രദീപ് പൂജാരി (36), ഉഡുപ്പി സ്വദേശി താരാനാഥ് ഷെട്ടി (32) എന്നിവരാണ് അറസ്റ്റിലായത്.

കോളേജിലെ നിയമനങ്ങളെച്ചൊല്ലി കോളേജ് അഡ്മിനിസ്‌ട്രേഷനും അധ്യാപകരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികൾ ഒരു അധ്യാപികയെ വേശ്യയാണെന്ന് മുദ്രകുത്തുകയും പോസ്റ്റർ സൃഷ്ടിച്ച് ഫോൺ നമ്പർ അടക്കം ബന്ധപ്പെടേണ്ട വിവരങ്ങളും ഇമെയിൽ ഐഡിയും ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് കമ്മീഷണർ എൻ ശശി കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുകൂടാതെ അധ്യാപിക വേശ്യയാണെന്നാരോപിച്ച് പ്രതികൾ മംഗളൂരു സർവ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകൾക്കും പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും ആക്ഷേപകരവും അധിക്ഷേപകരവുമായ ഉള്ളടക്കമുള്ള കത്തുകൾ അയച്ചു. പിന്നീട്, പ്രതികൾ അധ്യാപികയുടെ ഫോട്ടോയും ബന്ധപ്പെടാനുള്ള വിവരങ്ങളും അടങ്ങുന്ന പോസ്റ്റർ സുള്ള്യ, സംപാജെ, സുബ്രഹ്‌മണ്യ, ചിക്കമംഗളൂരു, മുഡിഗെരെ, മടിക്കേരി, മൈസൂരു, ബാലെഹോന്നൂർ, ശിവമോഗ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ബസ് സ്റ്റാന്റുകളിലും പൊതു ടോയ്ലറ്റുകളിലും പതിപ്പിച്ചു.

ഇവരുടെ ഈ പ്രവർത്തി കാരണംഅധ്യാപികയ്ക്ക് ആവർത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും അധിക്ഷേപകരമായ കമന്റുകളുള്ള ഇമെയിലുകളും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ അധ്യാപിക കടുത്ത മാനസികസംഘർഷമാണ് അനുഭവിച്ചതെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here