സമ്മാനവിവരം വിശ്വസിക്കുന്നില്ല,പല തവണ ശ്രമിച്ചു;ലക്ഷങ്ങള്‍ നേടിയ ഭാഗ്യശാലികളെ തേടി ബിഗ് ടിക്കറ്റ്

0
249

അബുദാബി: സ്വപ്നസമ്മാനം അപ്രതീക്ഷിതമായി തേടിയെത്തിയിട്ടും അത് സ്വന്തമാക്കാന്‍ കഴിയാതെ വന്നാലോ? ഇത്തരത്തില്‍ വന്‍തുക സമ്മാനം നേടിയ രണ്ട് ഭാഗ്യശാലികള്‍ക്കായുള്ള അന്വേഷണത്തിലാണ് മലയാളികളെ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയ രണ്ട് ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പലതവണ ശ്രമിച്ചിട്ടും സമ്മാനവിവരം അറിയിച്ച് പണം കൈമാറാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇവരെ എങ്ങനെയെങ്കിലും കണ്ടെത്തി സമ്മാനത്തുക കൈമാറാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബിഗ് ടിക്കറ്റ് ഇപ്പോള്‍.

ഈ വര്‍ഷം ആദ്യം സമ്മാനം നേടിയ ശ്രീധരന്‍ പിള്ള അജിത്ത്, കഴിഞ്ഞ വര്‍ഷം സമ്മാനം നേടിയ കമ്മു കുട്ടി എന്നിവര്‍ക്കാണ് ഭാഗ്യം തേടിയെത്തിയിട്ടും അത് സ്വന്തമാക്കാന്‍ കഴിയാതെ പോയത്. ഇവരെ കണ്ടെത്തി സമ്മാനത്തുക കൈമാറാനുള്ള കാത്തിരിപ്പിലാണ് ബിഗ് ടിക്കറ്റ് അധികൃതര്‍.

കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത എല്ലാവരെയും ഉള്‍പ്പെടുത്തി ഈ വര്‍ഷം ആദ്യത്തില്‍ സംഘടിപ്പിച്ച ‘സെക്കന്റ് ചാന്‍സ്’ ക്യാമ്പയിനിലാണ് ശ്രീധരന്‍ പിള്ള അജിത്തിന് 2,50,000 ദിര്‍ഹം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എടുത്ത 265264 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. എന്നാല്‍ സമ്മാന വിവരം അദ്ദേഹത്തെ ഇതുവരെ അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അദ്ദേഹം ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും വിജയം കണ്ടിട്ടില്ല.

2021 നവംബര്‍ 28ന് നറുക്കെടുത്ത ‘റെഡ് വീക്ക് ബിഗ് ക്യാഷ് എവേ’ നറുക്കെടുപ്പില്‍ സമ്മാനം നേടിയ കമ്മു കുട്ടിയെയും ഇതുവരെ വിവരം ബോധ്യപ്പെടുത്താനായിട്ടില്ല. ഈ നറുക്കെടുപ്പില്‍ കമ്മു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് 1,00,000 ദിര്‍ഹം (20 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. എന്നാല്‍ കമ്മു കുട്ടി ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ കോള്‍ സ്വീകരിച്ചുവെങ്കിലും സമ്മാനം ലഭിച്ചെന്ന വിവരം വിശ്വസിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് രസകരമായ വസ്തുത.

ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റോ സോഷ്യല്‍ മീഡിയ പേജുകളോ പരിശോധിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് അദ്ദേഹത്തോട് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും ആരോ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തന്നെ വിശ്വസിക്കുകയാണ് അദ്ദേഹം. സമ്മാന വിവരം അറിയിച്ച് നിരന്തരം വിളിക്കാന്‍ തുടങ്ങിയതോടെ കബളിപ്പിക്കാനുള്ള ഫോണ്‍ കോളുകളാണെന്ന് കരുതി ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക നമ്പറില്‍ നിന്നുള്ള കോളുകള്‍ ഇപ്പോള്‍ അദ്ദേഹം അറ്റന്‍ഡ് ചെയ്യാറുമില്ല.

ശ്രമങ്ങളൊന്നും വിജയം കാണാതെ വന്നതോടെ രണ്ട് വിജയികളെയും കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍. ഇരുവരില്‍ ആരെയെങ്കിലും പരിചയമുള്ളവര്‍, വിജയിയായ വിവരം അവരെ അറിയിക്കണമെന്നും 022019244 എന്ന നമ്പറില്‍ വിളിക്കാനോ Help@bigticket.ae എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാനോ അവരോട് പറയണമെന്നുമാണ് അഭ്യര്‍ത്ഥന.

LEAVE A REPLY

Please enter your comment!
Please enter your name here