വോണിന്റെ ‘നൂറ്റാണ്ടിന്റെ പന്ത്’ ഓർമയുണ്ടോ? ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാകുമോ ആ കാഴ്ച ?

0
329

ക്രിക്കറ്റ് പന്തുകള്‍ കൊണ്ട് പിച്ചിൽ അദ്ഭുതം തീർത്ത ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോണിന്റെ മരണത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. വോണിനെ ഇഷ്ടപ്പെടാൻ രാജ്യാതിർത്തികളൊന്നും ക്രിക്കറ്റ് പ്രേമികൾക്ക് തടസമായില്ല. ഇതിഹാസ താരത്തിന്റെ കുത്തിതിരിയുന്ന ഓരോ പന്തുകളും കായികപ്രേമികള്‍ അത്ഭുതത്തോടെയല്ലാതെ നോക്കിനിന്നിട്ടില്ല. ആ പന്തിന്റെ ഗതി പ്രവചിക്കാൻ കഴിയാത്തതുപോലെ ഇത്തവണയും വോണ്‍ ഞെട്ടിച്ചു. ആരോടും പറയാതെ ആര്‍ക്കും ഒരു സൂചന പോലും നല്‍കാതെ വോണ്‍ ഭൂമിയില്‍ നിന്ന് യാത്രയായി.

വോണിനെ ലോകത്തിന്റെ സ്പിന്നറായി ഏവരും വാഴ്ത്തിയ വര്‍ഷമായിരുന്നു 1993. അന്നാണ് വോണ്‍ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായി അവതരിച്ചത്. 1993 ജൂണ്‍ നാല്, ഓസ്ട്രേലിയ – ഇംഗ്ലണ്ട് ആഷസ് പരമ്പര. ഷെയ്ന്‍ വോണ്‍ അന്നുവരെ ക്രിക്കറ്റ് ലോകത്തിന് വെറുമൊരു ലെഗ് സ്പിന്നര്‍ മാത്രമായിരുന്നു. എന്നാല്‍ 1993-ലെ ആഷസ് പരമ്പരയിലെ മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിനമായ ജൂണ്‍ നാലിന് ക്രിക്കറ്റ്‌പ്രേമികള്‍ സാക്ഷാല്‍ ഷെയ്ന്‍ വോണെന്ന മാന്ത്രികന്റെ വിരലുകളില്‍ വിരിഞ്ഞ വിസ്മയത്തിന് സാക്ഷിയായി.

ക്രിക്കറ്റ് ലോകം ‘നൂറ്റാണ്ടിന്റെ പന്തെന്ന്’ വിശേഷിപ്പിച്ച വോണിന്റെ ആ മാജിക്ക് പിറന്നിട്ട് 27 വര്‍ഷം തികഞ്ഞു. വോണിന്റെ കൈവിരലുകളില്‍ നിന്ന് പിറവിയെടുത്ത ഒരു പന്ത് സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് പിഴുതപ്പോള്‍ ഗാറ്റിങ്ങിനൊപ്പം ക്രിക്കറ്റ് ലോകവും അദ്ഭുതംകൂറി. ഒരു സാധാരണ ലെഗ് സ്പിന്നറായി ഒതുങ്ങിപ്പോകേണ്ട വോണിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞത് ആ പന്തിലായിരുന്നു.

ലെഗ് സ്റ്റമ്പിന് പുറത്തു കുത്തിയ ഒട്ടും അപകടകരമല്ലാതിരുന്ന ആ പന്ത് തന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയത് കണ്ട് സാക്ഷാല്‍ മൈക്ക് ഗാറ്റിങ് പോലും ഒരു നിമിഷം അമ്പരന്നു. വിക്കറ്റ് നഷ്ടപ്പെട്ടത് വിശ്വസിക്കാനാകാതെ ഗാറ്റിങ് തിരിഞ്ഞ് നടക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ആ പന്തിനെ നൂറ്റാണ്ടിന്റെ പന്തെന്ന് വിളിച്ചു. അന്ന് ഗാറ്റിങ്ങിനെതിരേ പന്തെറിയാനെത്തുമ്പോള്‍ അതുവരെ 11 ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകള്‍ മാത്രമായിരുന്നു വോണിന്റെ സമ്പാദ്യം. എന്നാല്‍ ആ ടെസ്റ്റില്‍ ആകെ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ വോണ്‍ 1993 ആഷസ് പരമ്പരയിലെ 5 ടെസ്റ്റുകളില്‍ നിന്നായി വീഴ്ത്തിയത് 35 വിക്കറ്റുകളായിരുന്നു.

പിന്നീട് പലകുറി വോണിന്റെ കൈവിരലുകളിൽ നിന്ന് പറന്നുവന്ന പന്ത് പിച്ചിൽ കുത്തിത്തിരിഞ്ഞ് ബാറ്ററെ വട്ടംകറക്കിയതിന് കായിക പ്രേമികൾ സാക്ഷിയായി. ഇന്നും രോമാഞ്ചത്തോടെയല്ലാതെ വോണിന്റെ പ്രകടനത്തെ ഓർമിക്കാൻ ക്രിക്കറ്റ് പ്രേമികൾക്കാകില്ല. വിട പ്രിയ വോണിന്!

LEAVE A REPLY

Please enter your comment!
Please enter your name here