യുക്രൈന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കടുംചുവപ്പില്‍ ദുരൂഹ ചിഹ്നങ്ങള്‍; ഇതിന് പിന്നില്‍

0
258

കീവ്: സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ യുക്രൈന് മുകളിലുള്ള റഷ്യന്‍ ആക്രമണം തുടരുകയാണ്. പലയിടത്തും വ്യോമാക്രമണം നടക്കുന്നുണ്ട്. അതിനിടയിലാണ് യുക്രൈന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട വിചിത്ര ചിഹ്നങ്ങള്‍ ചര്‍ച്ചയാകുന്നത്. കടും ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെട്ട ഈ ചിഹ്നങ്ങള്‍ ദുരൂഹമായത് (Mysterious symbols) തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്. ഗുണന ചിഹ്നവും, ആരോ മാര്‍ക്കും എല്ലാം കാണാം.

ഉയരത്തിലുള്ള മേൽക്കൂരകളിലും ഗ്യാസ് പൈപ്പുകളിലും പ്രത്യേക ചിഹ്നങ്ങൾ വ്യാപകമാകുന്നതായി യുക്രൈയിന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അതേ സമയം ഇതിന് പിന്നില്‍ റഷ്യന്‍ ഇടപെടലാണ് എന്ന് സംശയം ഉയരുകയാണ് വ്യോമാക്രമണം ലക്ഷ്യമാക്കി സ്ഥാപിക്കുന്ന അടയാളങ്ങളും ആകാമെന്നും അധികൃതർ പറയുന്നു.. റിഫ്ലക്ടർ ടാഗുകളും വ്യാപകമായി കീവിൽ കണ്ടെത്തി. ഇത്തരത്തില്‍ ചിഹ്നങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ റഷ്യന്‍ അനുകൂലികളും ചാരന്മാരും കുറേയെറെ യുക്രൈനില്‍ ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്.

പടിഞ്ഞാറൻ യുക്രെയ്ൻ നഗരമായ റിവ്നെയുടെ മേയർ അലക്സാണ്ടർ ട്രെത്യാക്ക് തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇത്തരം ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി വ്യക്തമാക്കി. യുദ്ധം നിർണായക ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം മുന്നറിയിപ്പ്. കീവ് പ്രദേശിക ഭരണകൂടവും ഇത്തരം ചിഹ്നങ്ങള്‍ കണ്ടെത്തി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

നഗരത്തിലെ ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്നവർ അടിയന്തരമായി മേൽക്കൂരകൾ പരിശോധിക്കണമെന്നും എന്തെങ്കിലും അടയാളം കണ്ടെത്തിയാല്‍ ഇവ മറയ്ക്കുകയോ, മായിച്ച് കളയുകയോ ചെയ്യണം എന്നാണ് മുന്നറിയിപ്പ്.  ടെറസുകളും അടച്ചിടാനും അജ്ഞാതമായ അടയാളങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടൻ അധികൃതരെ അറിയിക്കാനും നിര്‍ദേശമുണ്ട്.

യുക്രൈനില്‍ കടന്നുകയറിയ റഷ്യന്‍ സൈനിക വാഹനങ്ങളില്‍ എല്ലാം “Z’; എന്താണ് ഇത്.!

റഷ്യന്‍ മുന്നേറ്റത്തിന്‍റെ വിവിധ വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ എല്ലാം ശ്രദ്ധേയമായത് റഷ്യൻ വാഹനങ്ങളിലും പടക്കോപ്പുകളിലും (Russian Tanks) വെളുത്ത നിറത്തിൽ വലിയ അക്ഷരത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന സെഡ് (Z) എന്ന് എഴുതിയിരിക്കുന്നത്. എന്താണ് ഇതിന് പിന്നില്‍ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ശരിക്കും ഇതിന് പിന്നില്‍ എന്താണ്..

യുക്രൈനിയന്‍ ടാങ്കുകളും കവചിത വാഹനങ്ങളില്‍ നിന്നും തങ്ങളുടെ ടാങ്കുകളെ തിരിച്ചറിയനാണ് ഇതെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതിന് കാരണമുണ്ട് റഷ്യ പ്രധാനമായും യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ടി80 എന്ന ടാങ്കുകളാണ്. അതേ സമയം യുക്രൈന്‍ ഉപയോഗിക്കുന്നത് ടി72 ടാങ്കുകളാണ് ഇവയുടെ സാമ്യത ഏറെയാണ് അതിനാല്‍ തന്നെയാണ് റഷ്യയുടെ ഈ നീക്കം എന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. റഷ്യന്‍ ടാങ്കുകള്‍ക്കെതിരെ സ്വന്തം ഭാഗത്ത് നിന്നും വെടികൊള്ളാതിരിക്കാനാണ് ഈ നീക്കം എന്നാണ് ഇതില്‍ നിന്നും മനസിലാക്കാനിരിക്കുന്നത്.

പലകാലത്ത് നടന്ന യുദ്ധത്തില്‍ പല സൈന്യങ്ങളും ഇത്തരം രീതികള്‍ പയറ്റിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. രണ്ടാംലോക മഹായുദ്ധ കാലത്ത് അമേരിക്ക തങ്ങളുടെ യുദ്ധ വിമാനങ്ങളില്‍ ബ്ലാക്ക് ആന്‍റ് വൈറ്റ് വരകള്‍ വരച്ചാണ് ആക്രമണങ്ങള്‍ നടത്തിയിരുന്നത്. സഖ്യസേനയുടെ വിമാനഭേദ തോക്കുകള്‍ക്ക് ശത്രുവിനെ മാറിപ്പോകാതിരിക്കാനായിരുന്നു ഇത്. ഇത് പോലെ തന്നെ ഗള്‍ഫ് യുദ്ധകാലത്ത് യുഎസ് സേനയുടെ സൈനിക വാഹനങ്ങള്‍ക്ക് ‘വി’ എന്ന അടയാളം അമേരിക്ക ഉപയോഗിച്ചിരുന്നു.

എന്നാല്‍ റഷ്യയുടെ വാഹനങ്ങളിലെയും ടാങ്കുകളിലെയും സെഡ് (Z) ചിഹ്നം ‘ഫ്രണ്ട്ലി ഫയര്‍’ എന്ന സ്വന്തം ഭാഗത്ത് നിന്നുള്ള വെടി ഇല്ലാതാക്കാനാണെന്ന വാദം ചില പ്രതിരോധ വിദഗ്ധര്‍ തള്ളിക്കളയുന്നു. ഒരിക്കലും ഇത്തരം ഒരു ചിഹ്നം ഇട്ടാല്‍ റഷ്യയുടെ കീഴില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ സംഭവിച്ചേക്കാവുന്ന  ‘ഫ്രണ്ട്ലി ഫയര്‍’ തടയാന്‍ സാധിക്കില്ല. റഷ്യ ഉപയോഗിക്കുന്ന സുഖോയ് വിമാനങ്ങള്‍ വേഗത്തില്‍ ഇവയെ നിലത്ത് തിരിച്ചറിയാന്‍ സാധിച്ചേക്കില്ല. അതേ സമയം ആര്‍ട്ടലറി യൂണിറ്റുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.

പക്ഷെ ചില പാശ്ചത്യ മാധ്യമങ്ങള്‍ മറ്റൊരു സാധ്യതയാണ്  സെഡ് (Z) ചിഹ്നത്തിലൂടെ റഷ്യ ഉദ്ദേശിക്കുന്നത് എന്നാണ് പറയുന്നത്. ചില സെഡ് (Z) ചിഹ്നം വൃത്തത്തിലും, ചിലത് വൃത്തമില്ലാതെയുമാണ്. അത് ഒരോ റെജിമെന്‍റിന്‍റെ ദൌത്യവുമായി ബന്ധപ്പെട്ടതായിരിക്കാം എന്നാണ് ഒരു കണ്ടെത്തല്‍. അല്ലെങ്കില്‍ ഇവരുടെ മുന്നേറ്റം ഏത് തരത്തില്‍ വേണമെന്ന സൂചനയായിരിക്കാം- രാജ്യന്തര പ്രതിരോധ വിദഗ്ധന്‍ ക്യാപ്റ്റന്‍ റോബ് ലീ പറയുന്നു. എന്നാല്‍ ഇത്തരം തങ്ങളുടെ തന്ത്രപ്രധാന നീക്കങ്ങള്‍ ഊഹിക്കാന്‍ കഴിയുന്ന അടയാളം പരസ്യമായി നല്‍കി റഷ്യ മുന്നേറ്റം നടത്തുമോ എന്ന ചോദ്യമാണ് ഇതിനെതിരെ ഉയരുന്നത്.

എന്നാല്‍ വെറുതെ സെഡ് മാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ യുക്രെയ്‌നിയൻ മേഖലയായ ഹാർകീവിലേക്കും, സെഡിനൊപ്പം മറ്റ് ചിഹ്നങ്ങളുള്ളവ ഡോൺബാസ് മേഖലയിലെ ഡോനറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖലയിലേക്കും നീങ്ങുന്നുവെന്നാണ് മേല്‍പ്പറഞ്ഞ വാദത്തിന് തെളിവായി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അതല്ലാത്ത വാഹനങ്ങളും ഉണ്ടെന്ന വാദം ചില വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍  സെഡ് (Z) ചിഹ്നം എന്തെന്ന് അന്ത്യന്തികമായി റഷ്യ തന്നെ വെളിപ്പെടുത്തേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here