യുക്രെയിനികൾ വേറെ ലെവലാണ്! ട്രാക്ടർ ഉപയോഗിച്ച് റഷ്യൻ ടാങ്ക് കടത്തി കർഷകൻ, വീഡിയോ

0
309

കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതോടെ പൗരൻമാരും രാജ്യത്തെ സംരക്ഷിക്കുന്നതിനായി അണിനിരക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്ത്രീകളും പ്രായമായവരുമടക്കം നിരവധി പേരാണ് തോക്കും മറ്റുമായി നാടിനുവേണ്ടി പോരാടാൻ ഇറങ്ങിതിരിച്ചത്. ഇപ്പോഴിതാ തന്നാലാവും വിധം എന്നപോലെ കർഷകൻ തന്റെ ട്രാക്ടർ ഉപയോഗിച്ച് ഒരു റഷ്യൻ ടാങ്ക് കടത്തികൊണ്ട് പോകുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

റഷ്യൻ അധിനിവേശത്തിനിടെ ടാങ്ക് കടത്തുന്ന ദൃശ്യം ഓസ്ട്രിയയുടെ റഷ്യൻ അംബാസഡറായ ഒലെക്‌‌സാണ്ടർ സ്കെർബ ആണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ഇത് സത്യമാണെങ്കിൽ ലോകത്താദ്യമായി ഒരു കർഷകൻ കടത്തുന്ന ടാങ്ക് ആയിരിക്കുമതെന്നും യുക്രെയിനികൾ ധീരൻമാർ ആണെന്നും കുറിച്ചുകൊണ്ടാണ് ഒലെക്‌‌സാണ്ടർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീ‌‌ഡിയോയിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഭീകരത ആരംഭിച്ചതിന് ശേഷം ആദ്യമായി ചിരിച്ചത് ഇപ്പോഴാണെന്നും സംഭവം സത്യമായിരിക്കണേ എന്നും പലരും കമന്റ് ചെയ്തു.

അധിനിവേശം ആരംഭിക്കുന്നതിന് തൊട്ടുമുൻപായി കെട്ടിടങ്ങളും റോഡുകളും നിർമിക്കുന്ന യുക്രെയിൻ കമ്പനിയായ യുക്രാവ്‌ടൊഡൊർ റഷ്യൻ സേനയെ കുഴപ്പിക്കുന്നതിനായി റോഡിലെ സൈൻ ബോർഡുകൾ നീക്കം ചെയ്തിരുന്നു. മാത്രമല്ല യുക്രെയിനിലെ മദ്യനിർമാണശാലയായ പ്രാവ്‌ഡ റഷ്യൻ സേനയിൽ നിന്ന് തങ്ങളുടെ രാജ്യത്തെ രക്ഷിക്കാൻ മദ്യത്തിന് പകരമായി മൊളൊടൊവ് കോക്ടെയിൽ എന്ന ബോംബ് നിർമിക്കുന്നെന്ന വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here