ഫയല്‍ വൈകിപ്പിച്ചാലും മോശമായി പെരുമാറിയാലും ‘പണികിട്ടും’; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം

0
224

തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറിയാലും ഫയലുകള്‍ വൈകിപ്പിച്ചാലും സ്ഥാനക്കയറ്റം തടയാവുന്ന രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കും. ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍, പുതിയ വ്യവസ്ഥകള്‍ അടങ്ങുന്ന സര്‍ക്കുലര്‍ പുറത്തിറക്കി.

ഫയല്‍ താമസിപ്പിക്കുക, മോശമായി പെരുമാറുക, ജോലി സമയത്ത് സീറ്റില്‍ ഇല്ലാതിരിക്കുക, ഫണ്ട് വൈകിപ്പിക്കുക എന്നിവ പരിഗണിച്ചാണ് സ്ഥാനക്കയറ്റമുണ്ടാവുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രകടനമാവും സ്ഥാനക്കയറ്റത്തിനായി മേലുദ്യോഗസ്ഥര്‍ പരിഗണിക്കുക.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് എന്ന് തിരിച്ചായിരുന്നു നിലവില്‍ സ്ഥാനക്കയറ്റം നിര്‍ണ്ണയിക്കുന്നത്. നേരത്തെ, ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പതിമൂന്നും നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് ഒന്‍പതുമാണ് സ്ഥാനക്കയറ്റത്തിനുള്ള സ്‌കോര്‍. ഇനിയത് രണ്ട് പേര്‍ക്കും ഇരുപതാവും. നിലവിലെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ കോളം പൂരിപ്പിക്കല്‍ മാത്രമാണെന്നും ജോലിയുടെ അളവും മേന്മയും മാനദണ്ഡമാക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി സൂചിപ്പിക്കുന്നു.

നിലവില്‍ ഉദ്യോഗസ്ഥന്റെ ജോലി ഭാരമോ നിലവാരമോ വിലയിരുത്താന്‍ വ്യവസ്ഥയില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാര്യക്ഷമത വിലയിരുത്തുന്നതിലുള്ള വ്യക്തതയില്ലായ്മ മേലുദ്യോഗസ്ഥരുടെ പക്ഷപാതിത്വം, ജോലി മെച്ചപ്പെടുത്താനുള്ള നടപടികളുടെ അഭാവം എന്നീ കാരണങ്ങളും രീതി ഭേദഗതി ചെയ്യാനുള്ള കാരണമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here