കാസർകോട് വിയർ‍ക്കുന്നു; ജില്ലയിൽ ഈ മാസം കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 38 ഡിഗ്രി

0
226

കാസർകോട് ∙ ആകാശത്തു സൂര്യൻ കത്തി ജ്വലിക്കുമ്പോൾ വേനൽച്ചൂടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ല വിയർക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്കു മുകളിൽ രൂപപ്പെട്ട ഉഷ്ണ തരംഗത്തിന്റെ സ്വാധീനമാണു കേരളത്തിലുൾപ്പെടെ ചൂടു കൂടാൻ കാരണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയ 6 ജില്ലകളിൽ കാസർകോട് ഉൾപ്പെടുന്നില്ലെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി കടുത്ത ചൂടാണു ജില്ലയിൽ അനുഭവപ്പെടുന്നത്.

കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിൽ സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാൾ 3 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന ജാഗ്രതാ നിർദേശമാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കാസർകോട് കഴിഞ്ഞ 4 ദിവസങ്ങളിലായി 33–34 ഡിഗ്രി താപനിലയാണു രേഖപ്പെടുത്തിയത്. ഈ മാസം 4നു രേഖപ്പെടുത്തിയ 38 ഡിഗ്രിയാണു സമീപ ദിവസങ്ങളിലെ ഉയർന്ന താപനില. എന്നാൽ രാത്രിയിലെ താപനില ഈ ദിവസങ്ങളിൽ 21–24 ഡിഗ്രിയാണ്.

പൊടി പറന്ന് ദേശീയപാത

ജില്ലയിൽ 2 റീച്ചുകളിലായി ദേശീയപാതാ നിർമാണം പുരോഗമിക്കുകയാണ്. മണ്ണു മാറ്റുന്നതും ലവലിങ് ഉൾപ്പെടെ നിർമാണ ജോലികൾ നടക്കുന്നതിനാൽ പല മേഖലകളിലും പൊടിശല്യവും രൂക്ഷമാണ്. മിക്ക സ്ഥലങ്ങളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പൊളിച്ചു നീക്കിയതിനാൽ പകൽ സമയത്തു യാത്രക്കാർ പൊള്ളുന്ന ചൂടിൽ പ്രയാസപ്പെടുകയാണ്. ഉച്ച സമയത്ത് റോഡിൽ ട്രാഫിക് ബ്ലോക്കാണെങ്കിൽ ഇരുചക്ര യാത്രക്കാർക്കും വലിയ പ്രയാസമാണ്. ഇരുചക്ര വാഹനക്കാർ പലരും കൈ മുഴുവൻ മറയ്ക്കുന്ന ഗ്ലൗസുകൾ ധരിച്ചു തുടങ്ങി. വെയിൽ കനത്തതോടെ ഇളനീർ വിൽപന മിക്കയിടത്തും വർധിച്ചു. കരിമ്പിൻ ജ്യൂസ്, കൂടാതെ കൂൾബാറുകളിൽ ജ്യൂസിന്റെയും ബേക്കറികളിൽ ശീതള പാനീയങ്ങളുടെയും വിൽപന വർധിച്ചിട്ടുണ്ട്.

 മഴ കാത്ത് നാട്

വരണ്ട കാലാവസ്ഥ തുടരാനാണു സാധ്യതയെന്നാണു വിദഗ്ധരുടെ നിഗമനം. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. ഈ മാസം 20നു ശേഷം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും വിവിധ കാലാവസ്ഥാ ഏജൻസികൾ നൽകുന്നുണ്ട്. വേനൽ മഴ പെയ്തിട്ട് ഏറെ നാളായി. കനത്ത ചൂട് കർഷകരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

വെതർ സ്റ്റേഷനുകൾ പ്രവർത്തന ക്ഷമമാകണം

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ജീവനക്കാരുള്ള കാലാവസ്ഥാ നിരീക്ഷണ സംവിധാനം കാസർകോട് ജില്ലയിലില്ല. മാനുവൽ ഒബ്സർവേറ്ററികളിലെ കണക്കാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. ജില്ലയിൽ പിലിക്കോട്, കുഡ്‌ലു, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ ഓട്ടമാറ്റിക് വെതർ സ്റ്റേഷനു(എഡബ്ല്യുഎസ്)കളാണുള്ളത്. ഇതിൽ പിലിക്കോട് മാത്രമാണു നിലവിൽ താപനില രേഖപ്പെടുത്തുന്നതിൽ പ്രവർത്തന ക്ഷമമായിട്ടുള്ളത്. മറ്റു സ്റ്റേഷനുകളിലെ താപനില കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമല്ല. സാങ്കേതിക തകരാണെന്നും ഉടൻ പരിഹരിക്കുമെന്നുമാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തിരുവനന്തപുരം ഓഫിസിൽ നിന്നുള്ള വിശദീകരണം. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലും താപനില രേഖപ്പെടുത്തുന്ന സംവിധാനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here