‘അത് ഇന്ത്യക്കാരനല്ല’; ഹിജാബ് ധരിച്ച സ്ത്രീയെ റെസ്‌റ്റോറന്റില്‍ തടഞ്ഞതില്‍ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍

0
155

മനാമ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീയ്ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തിരുന്നു. അദ്‌ലിയയിലെ പ്രശസ്ത ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് സംഭവം ഉണ്ടായത്. എന്നാല്‍ ഹിജാബ് ധരിച്ച സ്ത്രീയെ തടഞ്ഞത് ഇന്ത്യക്കാരനല്ലെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ദൃക്‌സാക്ഷി.

ബഹ്‌റൈനിലെ പ്രശസ്ത റെസ്റ്റോറന്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ബഹ്‌റൈന്‍ സ്വദേശിയായ മറിയം നജിയാണ് ചിത്രീകരിച്ചത്. ഇത് പിന്നീട് വൈറലാകുകയും രാജ്യത്തെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. നജിയുടെ സുഹൃത്തായ സ്ത്രീയെയാണ് റെസ്റ്റോറന്റില്‍ തടഞ്ഞത്. എന്നാല്‍ സ്ത്രീയെ തടഞ്ഞത് ഇന്ത്യക്കാരനല്ലെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷിയായ നജി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മാര്‍ച്ച് 26ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തയിലും അഭ്യൂഹങ്ങളിലും തനിക്ക് വളരെയേറെ വിഷമം ഉണ്ടെന്നും മാനേജര്‍ ഇന്ത്യക്കാരനല്ലെന്നും നജി ട്വീറ്റില്‍ കുറിച്ചു. ‘എന്നെ വിശ്വസിക്കൂ, എനിക്ക് ഇന്ത്യക്കാരെ കണ്ടാല്‍ അറിയാം. ദയവായി അങ്ങനെ ചെയ്യുന്നത് നിര്‍ത്തൂ. ഞാന്‍ അവിടെ കണ്ട കാര്യം ഒട്ടും സന്തോഷം നല്‍കുന്നതല്ല… റെസ്‌റ്റോറന്റ് ഉടമസ്ഥനൊപ്പം ഇരുന്നു, ഇന്ത്യക്കാരനാണ് അദ്ദേഹം. ഞങ്ങളോട് വളരെയധികം കരുണ കാണിച്ച അദ്ദേഹം, സംഭവിച്ച കാര്യത്തിന് ക്ഷമ ചോദിക്കുകയും ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ അത് അവിടെ അവസാനിപ്പിച്ചു. ഇതാണ് സത്യം’- അവര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മാനേജര്‍ ഇന്ത്യക്കാരന്‍ ആണെന്ന രീതിയില്‍ ഇന്ത്യന്‍ സമൂഹത്തെയും ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ലക്ഷ്യം വെക്കുന്നത് അനീതിയാണെന്ന് വിശ്വസിക്കുന്നത് കൊണ്ട് സംഭവത്തിലുള്‍പ്പെട്ട വ്യക്തിയുടെ രാജ്യം വെളിപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നാണ് കരുതുന്നതെന്ന് നജി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്നാണ് റെസ്റ്റോറന്റ് അധികൃതര്‍ അറിയിച്ചതെന്ന് ‘ന്യൂസ് ഓഫ് ബഹ്‌റൈന്‍’ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റി പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള നിബന്ധനകളും നയങ്ങളും നടപ്പാക്കാന്‍ ഒരു ടൂറിസം കേന്ദ്രവും ശ്രമിക്കരുതെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനങ്ങളെ വേര്‍തിരിച്ച് കാണുന്ന ഒരു നടപടിയും അംഗീകരിക്കില്ല. പ്രത്യേകിച്ചും അവരുടെ ദേശീയ അടയാളങ്ങളുടെ പേരിലുള്ള വിവേചനങ്ങള്‍ അംഗീകരിക്കാനാവില്ല. രാജ്യത്തെ റസ്റ്റോറന്റുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങള്‍ക്കും ബാധകമായ 1986ലെ നിയമപ്രകാരമാണ് ഇത്തരം വിവേചനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അതേസമയം സംഭവം വിവാദമാവുകയും അധികൃതര്‍ നടപടിയെടുക്കുകയും ചെയ്‍തതിന് പിന്നാലെ റസ്റ്റോറന്റ് മാനേജ്‍മെന്റ് ഖേദം പ്രകടിപ്പിച്ചു. തങ്ങളുടെ ഒരു ജീവനക്കാരന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് സ്ഥാപനത്തിനെതിരായ രീതിയില്‍ മാറിയതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത ക്ഷമാപണത്തില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി മാനേജറെ സസ്‍പെന്റ് ചെയ്‍തിട്ടുണ്ട്. മനോഹരമായ ഈ രാജ്യത്ത് 33 വര്‍ഷമായി വിവിധ രാജ്യക്കാരായ ഉപഭോക്താക്കളെ സേവിക്കുന്ന സ്ഥാപനമാണെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും കുടുംബത്തേടൊപ്പം എത്തി സമയം ചെലവഴിക്കാനാവുന്ന സ്ഥലമാണ് തങ്ങളുടെ റസ്റ്റോറന്റെന്നും ഉടമകള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here