വെജ് ബിരിയാണിക്ക് പകരം ചിക്കന്‍; പയ്യന്നൂരിലെ മൈത്രി ഹോട്ടലില്‍ സംഘര്‍ഷം

0
108

വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് പിന്നാലെ ഹോട്ടലില്‍ സംഘര്‍ഷം. പയ്യന്നൂരിലെ ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലില്‍ ഇൻ്നലെ ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഹോട്ടലിലെത്തിയ ഒരാള്‍ വെജ് ബിരിയാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിക്കാനായി വിളമ്പുന്നതിനിടയിലാണ് ബിരിയാണി ചിക്കനാണെന്നത് ശ്രദ്ധയില്‍പ്പെട്ടത്.

വിവരം ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ തര്‍ക്കമായി. ചിക്കന്‍ കഴിക്കാറില്ലെന്നും ഭക്ഷണം മാറ്റി നല്‍കാന്‍ ഹോട്ടലുടമ തയ്യാറായില്ലെന്നുമാണ് ആരോപണം. ഹോട്ടലുടമയുമായുള്ള തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.  വിളമ്പിയ ചിക്കന്‍ ബിരിയാണി തങ്ങള്‍ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നുമുള്ള യുവാക്കളുടെ സമവായ നിര്‍ദ്ദേശവും ഹോട്ടലുടമ പരിഗണിച്ചില്ല. ഇതോടെ ഹോട്ടലുടമ യുവാക്കളോടും തട്ടിക്കയറി.

പിന്നാലെയാണ് തര്‍ക്കം കയ്യേറ്റത്തിലെത്തിയത്. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ്  പയ്യന്നൂര്‍ യൂണിറ്റ് പ്രസിഡന്‍റ് കൂടിയായ ഹോട്ടലുടമ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹോട്ടലില്‍ ബഹളമായതോടെ നിരവധിപ്പേരാണ് ഇവിടേയ്ക്ക് എത്തിയത്, പിന്നാലെ പൊലീസും എത്തി. ഹോട്ടലുടമയുടെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് വിശദമാക്കി. ഇരുവിഭാഗവും സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here