ഓട്ടോയിൽ വിവാഹ വസ്ത്രം മറന്നുവെച്ചു; അപേക്ഷയുമായി കല്യാണപെണ്ണ് പോലീസ് സ്‌റ്റേഷനിൽ, ഓട്ടോയുടെ പേരോ ആളെയോ അറിയില്ല! അന്വേഷിച്ച് കണ്ടെത്തി വസ്ത്രം ഏൽപ്പിച്ച് പോലീസ്

0
112

തിരൂർ: ഓട്ടോയിൽ മറന്നുവെച്ച വിവാഹ വസ്ത്രം പോലീസിന്റെ ഇടപെടലിൽ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആലത്തിയൂർ സ്വദേശിനിയായ വധു. വസ്ത്രം പോയതിനു പിന്നാലെ പെൺകുട്ടി തന്നെയാണ് പോലീസിന്റെ സഹായം തേടി രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയത്. കയറിയ ഓട്ടോയുടെ പേരോ ഡ്രൈവറുടെ രൂപമോ അറിയാതെ ഇരുന്നിട്ടും നിമിഷങ്ങൾക്കുള്ളിലാണ് പോലീസ് വസ്ത്രം കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. മാർച്ച് 10ന് ആണ് വിവാഹം.

സംഭവം ഇങ്ങനെ;

ശനിയാഴ്ച തിരൂരിൽ നിന്ന് എല്ലാവർക്കുമുള്ള വസ്ത്രങ്ങൾ വാങ്ങി ഓട്ടോറിക്ഷയിൽ താലൂക്ക് ഓഫിസിനു സമീപത്തെ മറ്റൊരു കടയിലേക്ക് പോയി. ഓട്ടോറിക്ഷയുടെ സീറ്റിനു പിന്നിൽ വച്ച വിവാഹ വസ്ത്രങ്ങൾ എടുക്കാൻ മറന്നു. ഇവർ അന്വേഷിച്ചെങ്കിലും ഓട്ടോറിക്ഷ തിരിച്ചറിഞ്ഞില്ല. തുടർന്ന് രാത്രിയോടെ കല്യാണപ്പെണ്ണ് രക്ഷിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി കാര്യം അറിയിച്ചു. 10000 രൂപയിലേറെ വിലവരുന്ന വസ്ത്രങ്ങളാണ് നഷ്ടപ്പെട്ടതെന്നും മാർച്ച് 10നുള്ളിൽ പുതിയത് വാങ്ങാൻ കഴിയില്ലെന്നും പോലീസിനെ അറിയിച്ചു.

ഇതോടെ പോലീസ് നഗരത്തിലെ ഒട്ടേറെ സിസിടിവികൾ പരിശോധിച്ചു. വാഹന നമ്പർ കിട്ടിയില്ലെങ്കിലും ഏകദേശ രൂപം മനസ്സിലാക്കി. ഇതിന്റെ ചിത്രവുമായി മറ്റ് ഡ്രൈവർമാരോട് ചോദിച്ച് ഇവർ ഓട്ടോറിക്ഷ ഏതെന്ന് മനസ്സിലാക്കി. തിരൂർ പുല്ലൂർ സ്വദേശിയുടെ ഓട്ടോറിക്ഷയാണെന്നു തിരിച്ചറിഞ്ഞതോടെ ഇയാളുമായി ബന്ധപ്പെട്ടു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സീറ്റിനു പിറകിൽ വസ്ത്രങ്ങൾ കണ്ടെത്തി. ഉടൻ തന്നെ ഇയാൾ വസ്ത്രങ്ങളുമായി സ്റ്റേഷനിലെത്തി എസ്‌ഐ ജലീൽ കറുത്തേടത്തിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിക്ക് കൈമാറി. സിവിൽ പൊലീസ് ഓഫീസർമാരായ കെ.കെ.ഷിജിത്ത്, നിഷ എന്നിവരാണ് വസ്ത്രങ്ങൾ കണ്ടെത്താൻ അന്വേഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here