സംഘ്പരിവാർ മുദ്രാവാക്യങ്ങൾക്കിടയിലൂടെ, ഒറ്റയ്ക്ക് ഹിജാബ് ധരിച്ചൊരു പെൺകുട്ടി

0
403

കർണാടകയിലെ കോളജുകളിൽ ഹിജാബ് ധരിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശസമരത്തിനിടെ, സംഘ്പരിവാർ പ്രതിഷേധക്കാർക്കിടയിലൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മാണ്ഡ്യയിലെ പിഇഎസ് കോളജിലെ വിദ്യാർത്ഥിനിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കോളജിലേക്ക് കറുത്ത പർദയും ഹിജാബും അണിഞ്ഞ് സ്‌കൂട്ടറിലാണ് പെൺകുട്ടിയെത്തിയത്. വാഹനം പാർക്ക് ചെയ്ത് ക്ലാസിലേക്ക് നടന്നുവരുന്ന പെൺകുട്ടിക്ക് നേരെ ജയ് ശ്രീരാം വിളിച്ച് പ്രതിഷേധക്കാർ എത്തുകയായിരുന്നു. കാവി ഷാൾ വീശി മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ നോക്കി പെൺകുട്ടി, അല്ലാഹു അക്ബർ എന്ന് ഉറക്കെ വളിച്ചു. ഹിജാബ് ധരിക്കുന്നത് തന്റെ അവകാശമാണ് എന്നും വിളിച്ചു പറഞ്ഞു. കോളജ് ജീവനക്കാർ പ്രതിഷേധക്കാരെയും പെൺകുട്ടിയെയും ശാന്തമാക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി അടക്കമുള്ള നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഈ മതാന്ധത കൊണ്ട് രാഷ്ട്രത്തിന് എന്താണ് ഉപകാരമെന്ന് സർദേശായി ചോദിച്ചു.

‘കർണാടകയിൽ ഹിജാബ് ധരിച്ച പെൺകുട്ടിയെ പന്തുടർന്ന് ജയ് ശ്രീരാം മുദ്രാവാക്യം വിളിക്കുന്ന യുവാക്കളുടെ വീഡിയോ കണ്ടു. വസ്ത്രം, ഭക്ഷണം, മതം എന്നിവ കൊണ്ട് വിഭജിക്കുക മാത്രമേ ഈ മതാന്ധത രാജ്യത്തോട് ചെയ്യുന്നുള്ളൂ. യുവാക്കളുടെ തൊഴിലിനെ കുറിച്ച് ഉത്കണ്ഠരാകേണ്ട വേളയിൽ നമ്മൾ അവരുടെ വസ്ത്രത്തിലാണ് ശ്രദ്ധയൂന്നുന്നത്.’ – സർദേശായി പറഞ്ഞു. അതിനിടെ, ഹിജാബ് വിവാദം കത്തിനിൽക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സർക്കാർ പ്രീ യൂണിവേഴ്‌സിറ്റി കോളജുകളിൽ ഉൾപ്പെടെ കർണാടക വിദ്യാഭ്യാസനയ പ്രകാരമുള്ള യൂണിഫോം ധരിച്ചെത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാലയങ്ങളിലെ സമത്വത്തിനു കോട്ടമുണ്ടാക്കുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here