ലഹരി പാകം ചെയ്ത് ‘ഡ്രഗ്സ് കിച്ചൺ’; കടത്ത് നിർത്തി പുത്തൻ രീതിയിൽ ലഹരി മാഫിയ

0
251

കോഴിക്കോട്∙ പരിശോധനകളും അറസ്റ്റും വ്യാപകമായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരിമരുന്നുകളുടെ ഒഴുക്കിനു തട കെട്ടി  മാഫിയകൾ. കോഴിക്കോടടക്കമുള്ള നഗരങ്ങളിൽ ചെറുതോതിൽ ലഹരിമരുന്ന് നിർമിക്കുന്ന ‘ലഹരി കിച്ചണു’കൾ വ്യാപകമാവുന്നു.

ലഹരി നിർമാണം പുതിയമേഖല 

ന്യൂജെൻ ലഹരിമരുന്നായ എംഡിഎംഎ യുവാക്കളുടെ ഇടയിൽ തരംഗമായതോടെ പൊലീസിനും നർകോടിക്സ് വിഭാഗത്തിനും വലിയ തലവേദനയാണ്. ബംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയും സമൂഹത്തിൽ വലിയതോതിൽ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. കൊച്ചിയിലെ ഡിജെ പാർട്ടി കേസുകളിൽ എംഡിഎംഎയുടെ കുത്തൊഴുക്ക് വൻതലവേദനയായി മാറിയതോടെയാണ് പൊലീസ് പിടിമുറുക്കാൻ തീരുമാനിച്ചത്.

വ്യാപകപരിശോധനകളും റെയ്ഡുകളും പതിവായതോടെ ലഹരിമരുന്നുകേസുകളിൽ അകത്താവുന്നവരുടെ എണ്ണം 60 % വർധിച്ചു. ഈ സ്ഥിതി കണക്കിലെടുത്താണ് പുറത്തുനിന്ന് എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുപകരം ഇവിടെത്തന്നെ ‘പാചകം ചെയ്ത്’ എടുക്കുകയെന്ന  തന്ത്രത്തിലേക്ക് ലഹരിമാഫിയകൾ ചുവടുറപ്പിച്ചത്.

കിച്ചണിൽ വേവും രണ്ടുകിലോ വരെ

ഗ്രാമിന് 4,000 രൂപ വരെ വിലയുള്ള സിന്തറ്റിക്ക് ലഹരിമരുന്നാണ് എംഡിഎംഎ. ഡിജെ പാർട്ടികൾക്കായി ഗ്രാമിന് 10,000 രൂപ വരെയുള്ള ലഹരിമരുന്നുകൾ എത്തിക്കുന്നതായാണ് വിവരം. എംഡിഎംഎ നിർമിക്കാനുള്ള വസ്തുക്കൾ പല തവണകളായി കേരളത്തിലെത്തിച്ച ശേഷം കൃത്യമായ അളവിലും അനുപാതത്തിലും ‘പാചകം ചെയ്തെ’ടുക്കുകയാണ് ചെയ്യുന്നത്. എംഡിഎംഎ നിർമാണ കേന്ദ്രത്തിന് ലഹരിമാഫിയകൾ ഉപയോഗിക്കുന്ന പേരാണ് ലഹരി കിച്ചൺ. ഒരു കിച്ചണിൽ രണ്ടുകിലോ വരെ എംഡിഎംഎ ഉൽപാദിപ്പിക്കാ(പാചകം ചെയ്യാ)മെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്.

ആളൊഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി കിച്ചണുകൾ ഒരുക്കുന്നത്. കോഴിക്കോട് നഗരമധ്യത്തിൽ മാനാഞ്ചിറയ്ക്കു സമീപം അടഞ്ഞുകിടക്കുന്ന കോംട്രസ്റ്റ് നെയ്ത്തുകമ്പനിയിൽ കഴിഞ്ഞദിവസം ലഹരികിച്ചൺ പ്രവർത്തിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന ആളുകൾ ഓടിരക്ഷപ്പെട്ടു.

ദുരുപയോഗത്തിന്റെ വഴികൾ തേടി

സ്ത്രീകളും സ്കൂള്‍, കോളജ് വിദ്യാർഥികളും കൂടുതലായി ലഹരി മരുന്ന് ഉപയോഗത്തിലേക്ക് വരുന്നതായി നർകോട്ടിക്സ് അധികൃതർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാമുകൻമാരും സുഹൃത്തുക്കളും വഴി ലഹരി ഉപയോഗം തുടങ്ങുന്നവർ പിന്നീട് കടുത്ത അടിമകളായി മാറുകയാണ് പതിവ്. സ്ത്രീകളെയും പെൺകുട്ടികളെയും ഉപയോഗിച്ചാണ് ലഹരി കിച്ചണുകൾ പ്രവർത്തിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ കോഴിക്കോട് സ്വദേശിയായ യുവതിയുടെ പങ്ക് പൊലീസ് അന്വേഷിച്ചിരുന്നു. നഗരപരിധിയിലെ ഷോപ്പിങ്ങ്മാളിനോടു ചേർന്ന് യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലും പൊലീസ് അന്വേഷിച്ചെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മൈസൂരു കേന്ദ്രീകരിച്ച് കോഴിക്കോട് വഴി കൊച്ചിയിലേക്ക് ലഹരി കടത്തുന്നതിൽ ഈ യുവതിക്കുള്ള പങ്കും അന്വേഷണ വിധേയമായിരുന്നു.

കൊച്ചിയിലെ സിനിമാകൂട്ടായ്മയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന ഒരു അധ്യാപികയുടെ താമസസ്ഥലത്ത് ലഹരികിച്ചൺ പ്രവർത്തിക്കുന്നതായി ബന്ധപ്പെട്ട സൂചനകളെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലഹരിമരുന്ന് കിച്ചണുകളുമായി ബന്ധപ്പെട്ട് പെൺകുട്ടികളെ ലൈംഗികഅതിക്രമങ്ങൾക്കു വിധേയമാക്കുന്നതായും ഈയിടെ വ്യാപകപരാതികൾ ഉയർന്നിരുന്നു. കോഴിക്കോട് ഒയായിസ് കോംപൗണ്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയും എംഡിഎംഎ  കുത്തിവച്ചാണ് പീഡിപ്പിച്ചതെന്ന മൊഴി പൊലീസിനു നൽകിയിരുന്നു.

ഭീതിതം ഈ മാറ്റം

ലഹരിമരുന്നുകളിലെ ഭയാനകമായ മാറ്റമായാണ് എംഡിഎംഎയുടെ വരവിനെ പൊലീസ് കാണുന്നത്. മറ്റു ലഹരിമരുന്നുകൾ  കത്തിച്ചുവലിക്കുകയോ പുകയ്ക്കുകയോ വെള്ളത്തിൽ കലക്കുകയോ സിറിഞ്ചുപയോഗിച്ച് കുത്തിവയ്ക്കുകയോ ചെയ്യുമ്പോൾ എംഡിഎംഎ ഇതിൽ ഏതുരീതിയിലും ഉപയോഗിക്കാമെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഇതോടെ ലഹരിമരുന്ന് ഉപയോഗത്തിന്റെ പ്രക്രിയ ലളിതമായി മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here