മതം പറയാന്‍ പണ്ഡിതരുണ്ട്; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി: കെപിഎ മജീദ്

0
273

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. മതം പറയാന്‍ ഇവിടെ പണ്ഡിതന്മാരുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മത വിശ്വാസമില്ലാത്ത മതാചാരങ്ങള്‍ പാലിക്കാത്ത വ്യക്തി മത നിയമങ്ങളില്‍ അഭിപ്രായം പറയുകയോ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഗവര്‍ണര്‍ അദ്ദേഹത്തെ ഏല്‍പിച്ച പണി ചെയ്താല്‍ മതിയെന്നും മജീദ് പറഞ്ഞു.ഹിജാബ് വിവാദത്തില്‍ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനകള്‍ക്ക് എതിരെയാണ് മജീദിന്റെ വിമര്‍ശനം.

സംഘപരിവാറിന്റെ താളത്തിനൊത്ത് തുള്ളുകയും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത ഇതിനുമുമ്പും കേരള ഗവര്‍ണറില്‍നിന്ന് ഉണ്ടായിട്ടുണ്ട്. കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് കര്‍ണാകട സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ടുകൊണ്ടിരിക്കുകയാണ് കെപിഎ മജീദ് പറഞ്ഞു.

 

ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു.  മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയാണ് വിവാദത്തിന് പിന്നിലെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് ഒഴിവാക്കാനാകാത്ത ആചാരമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല. സിഖുകാരുടെ തലപ്പാവുമായി ഹിജാബ് താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് നേരത്തെയും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു, ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നായിരുന്നു ഗവര്‍ണര്‍ നേരത്തെ അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here