ബേബി ഡിവില്ലിയേഴ്‌സിന്റെ ആര്‍സിബി മോഹം പൊലിഞ്ഞു; ദക്ഷിണാഫ്രിക്കന്‍ അത്ഭുത ബാലനെ മുംബൈ റാഞ്ചി

0
232

ബംഗളൂരു: അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത ഡിവാള്‍ഡ് ബ്രേവിസ്  മുംബൈ ഇന്ത്യന്‍സില്‍. മൂന്ന് കോടിക്കാണ് ‘ബേബി ഡിവില്ലിയേഴ്‌സ്’ എന്നറിയപ്പെടുന്ന താരത്തെ മുംബൈ റാഞ്ചിയത്. താരത്തിന്റെ ശൈലി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനോട് താരതമ്യം ചെയ്യപ്പെട്ടിരുന്നു. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബ്രേവിസ് വ്യക്തമാക്കിയിരുന്നു.

വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സുമാണ് താരത്തിന്റെ ഇഷ്ടപ്പെട്ട താരങ്ങള്‍. ഇക്കാര്യം ലോകകപ്പിനിടെ താരം പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആര്‍സിബിയില്‍ കളിക്കാനുള്ള ഭാഗ്യം ഇത്തവണ ദക്ഷിണാഫ്രിക്കന്‍ കൗമാരതാരത്തിനില്ല. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ താരത്തിന് വേണ്ടി രംഗത്തെത്തി. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ ഇരുവരും പിന്മാറി.

അതേസമയം, രാഹുല്‍ ത്രിപാഠിക്ക് 8.50 കോടി ലഭിച്ചു. ഹൈദരാബാദിന് വേണ്ടിയാണ് ത്രിപാഠി വരും സീസണില്‍ കളിക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവസാനം വരെ പിടിച്ചുനിന്നെങ്കിലു പിന്നീട് പിന്മാറി. 40 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാനവില. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായാണ് ത്രിപാഠി കളിച്ചത്.

അണ്‍കാപ്പ്ഡ് ബാറ്റര്‍മാരുടെ പട്ടികയിലുണ്ടായിരുന്നു പ്രിയം ഗാര്‍ഗിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തിരിച്ചെത്തിച്ചു. അടിസ്ഥാന വിലയായ 20 ലക്ഷം തന്നെയാണ് താരത്തിന് ലഭിച്ചത്. കര്‍ണാടക ബാറ്റ്‌സ്മാന്‍ അഭിനവ് മനോഹര്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ കളിക്കും. രണ്ട് കോടിയാണ് താരത്തിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here