ബജ്‌റംഗ്ദള്‍ പ്രവർത്തകന്റെ കൊലപാതകം: കർണാടകയിൽ പരക്കെ അക്രമം, വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കുംനേരെ കല്ലേറ്

0
372

ബജ്രങ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നാലെ കർണാടകയിൽ പരക്കെ അക്രമം. 26കാരനായ ഹർഷ കൊല്ലപ്പെട്ട ശിവമോഗയിൽ വ്യാപക അക്രമസംഭവങ്ങളാണ് നടക്കുന്നത്. അക്രമികൾ വാഹനങ്ങൾ കത്തിക്കുകയും വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കുംനേരെ വ്യാപകമായ കല്ലേറ് നടക്കുകയും ചെയ്തു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

കൊലപാതകത്തിനു പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം ലംഘിച്ചാണ് ഇവിടെ പ്രതിഷേധക്കാർ തടിച്ചുകൂടിയത്. ആയുധങ്ങളുമായാണ് സംഘം പ്രദേശത്തുകൂടെ റോന്തുചുറ്റുന്നത്. കൂട്ടംകൂടുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നു. പ്രദേശത്ത് സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലും വൻജനാവലിയാണ് ഹർഷയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ പങ്കെടുത്തത്.

സമാധാനം പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യും. ക്രമസമാധാനനില നിലനിർത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടു.

കൊലപ്പെടുത്തിയത് കാറിലെത്തിയ സംഘം

ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ ഹർഷ എന്ന യുവാവ് കുത്തേറ്റു മരിച്ചത്. ശിവമോഗയിലെ ഭാരതി കോളനിക്കു സമീപം രവിവർമ സ്ട്രീറ്റിലാണ് കൊലപാതകം നടന്നത്. ടൈലറായി ജോലി നോക്കിയിരുന്ന ഹർഷ ബജ്റംഗളിന്റെ ‘പ്രകണ്ഡ സഹകാര്യദർശി’ ആയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാളെ കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഹർഷയെ മെഗ്ഗാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മതപരമായി പ്രകോപനമുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് ഹർഷക്കെതിരെ ദൊഡ്ഡപേട്ട് പൊലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതേത്തുടർന്ന് ഇയാൾക്കെതിരെ ഭീഷണിയും ഉണ്ടായിരുന്നു.

നാലുപേരടങ്ങുന്ന സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിനു പിന്നിൽ ഏതെങ്കിലും സംഘടനയാണോ എന്നറിയില്ലെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ശിവമോഗ നഗരത്തിലും പരിസരത്തുമുള്ള സ്‌കൂളുകൾക്കും കോളേജുകൾക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

”ഹിജാബ് വിവാദവുമായി ബന്ധമില്ല”

കൊല്ലപ്പെട്ട ഹർഷയുടെ കുടുംബത്തെ സന്ദർശിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിയതായും മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കർണാടകയിൽ ഇപ്പോൾ സജീവമായ ഹിജാബ് വിവാദത്തിന് ഈ സംഭവവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഹിജാബ് വിവാദത്തിന് ഈ സംഭവവുമായി ബന്ധമൊന്നുമില്ല. ഈ സംഭവത്തിനു പിന്നിൽ മറ്റു കാരണങ്ങളാണ്. ശിവമോസ പ്രശ്നബാധിത നഗരമാണ്. സംഭവം നടന്നത് മെയിൻ റോഡിലാണ്. പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. കുറ്റവാളികളെക്കുറിച്ച് തെളിവ് ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ അവരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് കരുതുന്നത്. കൊലപാതകം നടത്തിയവരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കും.’ – ജ്ഞാനേന്ദ്ര പറഞ്ഞു.

അതേസമയം, സംഭവത്തിനു പിന്നിൽ ‘മുസ്‌ലിം ഗുണ്ടകൾ’ ആണെന്ന് കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here