തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായേക്കാം

0
208

സംസ്ഥാനങ്ങളില്‍ അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും വന്‍വര്‍ധനയുണ്ടായേക്കാം.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 94 ഡോളര്‍ നിലവാരത്തിലെത്തിയതോടെയാണ് വിലവര്‍ധന ഉറപ്പായത്. അടുത്തമാസം നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍.

ഡിസംബര്‍ ഒന്നിലെ നിലവാരപ്രകാരം അസംസ്‌കൃത എണ്ണവില ബാരലിന് 69 ഡോളര്‍ നിലവാരത്തിലായിരുന്നു. ഒമിക്രോണ്‍ ഭീഷണിയെതുടര്‍ന്നാണ് നവംബര്‍ നാലിലെ 81 ഡോളര്‍ നിലവാരത്തില്‍നിന്ന് 60 ലേയ്ക്ക് വില താഴ്ന്നത്. എന്നാല്‍ മൂന്നാംതരംഗം ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എണ്ണവിലയില്‍ വീണ്ടും കുതിപ്പുണ്ടായത്. യുക്രെയിന്‍, റഷ്യ സംഘര്‍ഷവും വിലകൂടാന്‍ കാരണമായി.

നവംബര്‍ നാലിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 15ശതമാനമാണ് വിലവര്‍ധിച്ചത്. എണ്ണവില ഇപ്പോഴത്തെ നിലവാരത്തില്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലവര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. ചരക്കുനീക്കം ചെലവേറുന്നതോടെ വിലക്കയറ്റവും കുതിക്കും.

മൂന്നുമാസത്തോളമായി രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെതുടരുകയാണ്. കൊച്ചിയില്‍ പെട്രോളിന് 104.17 രൂപയും ഡീസലിന് 91.42 രൂപയുമാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here