ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ അവസരം, തടവുകാരെ പോരാളികളാക്കി യുക്രെയ്ൻ

0
240

യുക്രെയ്നിൽ റഷ്യൻ സൈന്യം അധിനിവേശം തുടരവെ പോരാടാനുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തുകയാണ് യുക്രെയ്ൻ എന്ന ചെറു രാജ്യം. പട്ടാളക്കാർക്ക് പുറമേ സാധാരണക്കാരായ പൗരൻമാർക്ക് ആയുധങ്ങൾ നൽകുമെന്ന് യുക്രെയ്ൻ നേരത്തേ അറിയിച്ചിരുന്നു. ഇതു പ്രകാരം 37000ലധികം ആളുകളെ പുതിയതായി സൈന്യത്തിൽ ചേർക്കുകയും ചെയ്തിരുന്നു. റഷ്യ അക്രമണം കടുപ്പിച്ചതോടെ കൂടുതൽ ആളുകൾക്ക് ആയുധം നൽകാൻ ഒരുങ്ങുകയാണ് യുക്രെയ്ൻ.

വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിച്ച് യുദ്ധ രംഗത്ത് ഇറക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. ചെയ്ത കുറ്റകൃത്യങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള സുവർണാവസരമാണെന്നും ജയിലുകളിൽ കഴിയുന്ന കുറ്റവാളികൾ പോരാളികളായി സേവനം ചെയ്യണമെന്നും സെലൻസ്കി പറഞ്ഞു. ​സൈനിക മേഖലയിൽനിന്നും ശിക്ഷിക്കപ്പെട്ടവർക്കാണ് ആദ്യ ഘട്ടത്തിൽ പരിഗണന.

യുക്രെയ്നിലെ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സർവീസ് റെക്കോർഡ്, പോരാട്ട പരിചയം, പശ്ചാത്താപം എന്നിവ ഓരോ വ്യക്തിഗത കേസിലും പരിഗണിക്കപ്പെടുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നു. പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസിലെ പ്രോസിക്യൂട്ടർ ആൻഡ്രി സിൻയുക് ഞായറാഴ്ച ഒരു ടി. വി ചാനലിനോട് പറഞ്ഞു. “ഇത് ഉയർന്ന തലത്തിൽ തീരുമാനിച്ച സങ്കീർണ്ണമായ പ്രശ്നമാണ്” -അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here