കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളി

0
186

കണ്ണൂർ: വിവാഹ സംഘത്തിനെതിരായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട തോട്ടടയിൽ സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കം. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തത്. വിവാഹ വീട്ടിലേക്കുള്ള സംഘം പോയ ശേഷമാണ് ഇന്നുച്ചയ്ക്ക് രണ്ടരയോടെ ബോംബ് പൊട്ടിയത്.

പൊലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണം. കോൺഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ ഇതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് ഇരുഭാഗത്തുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.

വിവാഹ സംഘത്തിന്റെ പക്കലുണ്ടായിരുന്ന ബോംബ് പൊട്ടിയതാണോ, ഇവർക്ക് നേരെ ആരെങ്കിലും എറിഞ്ഞതാണോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ സ്ഥലത്തുണ്ടായിരുന്നവർ ബോംബെറിഞ്ഞതായാണ് വ്യക്തമാക്കിയിരിക്കുന്നത്. ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ജിഷ്ണുവിന്റെ തലയ്ക്കാണ് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്.

വിവാഹ വീട്ടിൽ ഇന്നലെ നടന്ന സത്കാരത്തിനിടെ രണ്ട് ചേരികളായി തിരിഞ്ഞ് സംഘർഷം ഉടലെടുത്തിരുന്നു. ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. സംഭവം ഇന്നലെ തന്നെ ഒത്തുതീർത്തിരുന്നുവെങ്കിലും ഇന്ന് ബോംബേറിലാണ് എല്ലാം എത്തിനിന്നത്. സ്ഥലത്ത് കണ്ണൂർ മേയർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ക്യാംപ് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here